"പിടിച്ചുനിന്നെങ്കിലും ശക്തമായ കാറ്റിൽ തോണി കടലിലേക്ക് ഒഴുകി...'
1579263
Sunday, July 27, 2025 7:55 AM IST
പയ്യന്നൂര്‍: വേലിയേറ്റം തുടങ്ങുന്ന സമയം നോക്കി പാലക്കോട് പുഴയിൽ മീൻ പിടിക്കാനായിട്ട വല വലിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തോണി മറിഞ്ഞാണ് ഒരാളെ കാണാതായത്. ഏബ്രഹാമും താനും തോണിയിൽ പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽ അഴിമുഖത്തുകൂടി തോണി കടലിലേക്ക് ഒഴുകുകയായിരുന്നുവെന്ന് നീന്തിരക്ഷപ്പെട്ട വർഗീസ് പറഞ്ഞു. ഈ സമയത്തും ഏബ്രഹാം വല മുറുക്കി പിടിച്ചിരിക്കുയായിരുന്നു. തോണി നിവര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഏബ്രഹാം തന്നോട് നീന്തി രക്ഷപ്പെടാൻ പറയുകയായിരുന്നുവെന്നും വർഗീസ് പറഞ്ഞു.

കരക്കുകയറിയ വര്‍ഗീസ് അടുത്തുകണ്ട വീട്ടുകാരെ വിളിച്ചുണര്‍ത്തി അപകടവിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പഴയങ്ങാടി പോലീസിനെയും അറിയിച്ചു. പോലീസും മത്സ്യത്തൊഴിലാളികളും ഏഴിമലയിലും പയ്യന്നൂരുമുള്ള ഏബ്രഹാമിന്റെയും വർഗീസിന്റെയും സുഹൃത്തുക്കളും ഉടൻ തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ പത്തരയോടെ തോണി കണ്ടെത്തി. ടി.ഐ. മധുസൂദനന് എംഎല്‍എ, മത്സ്യതൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റിയംഗം കെ.വി. ബാലകൃഷ്ണന്, ലൈഫ് ഗാര്‍ഡ് ഡോ. ചാള്സന് ഏഴിമല എന്നിവര്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.