ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; കക്കുവാപ്പുഴ കരകവിഞ്ഞു
1579264
Sunday, July 27, 2025 7:55 AM IST
ഇരിട്ടി: ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സൂചന. ആറളം ഫാമിന് അതിരിട്ടൊഴുകുന്ന കക്കുവാപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് ഫാമിന്റെ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന മുപ്പതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പുഴയോട് ചേർന്ന ഭാഗങ്ങൾ റോഡ് ഉൾപ്പെടെ വെള്ളം കയറി പുഴയരുകിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് ആർആർടി ഓഫീസ്, സമീപത്തെ കമ്യൂണിറ്റി ഹാൾ, അങ്കണവാടി എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ആവശ്യമെങ്കിൽ ക്യാമ്പ് തുടങ്ങുന്ന കാര്യം ആലോചിക്കുമെന്ന് തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു.
പുഴയും റോഡും തിരിച്ചറിയാൻ കഴിയാത്തവിധം മേഖലയിൽ വെള്ളം ഉയർന്നിരിക്കുകയാണ് .
കാക്കയങ്ങാട് ടൗണിലും സമീപത്തെ വീടുകളിലും വെള്ളം കയറി. മുണ്ടയാംപറമ്പിലും താഴ്ന്ന പ്രദേശത്തെ 10 വീടുകളിൽ വെള്ളം കയറി. കാക്കത്തോട് കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊ ക്കത്തിന് കാരണം. വെള്ളറമ്പിൽ രവീന്ദ്രൻ, വെള്ളറമ്പിൽ രാഘവൻ, ഗംഗാധരൻ പുത്തൻപുരക്കൽ, രാജേഷ് പുത്തൻപുരക്കൽ, മോഹനൻ പ്ലാകുഴി, പ്രതീഷ് ഐക്കോടൻ, ധനോജ് കടയംകോടൻ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ആദിവാസി സങ്കേതത്തിനോട് ചേർന്നും വെള്ളം കയറിയാതായാണ് ലഭിക്കുന്ന വിവരം .