ഭാര്യയേയും മകളേയും ഡാമിൽ തള്ളിയിട്ട് മകൾ മരിച്ച കേസ്: വിചാരണ കോടതിയിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു
1579262
Sunday, July 27, 2025 7:55 AM IST
തലശേരി: പുഴയിൽ വെള്ളം കയറിയത് കാണിച്ചു തരാമെന്ന് പറഞ്ഞ് ഭാര്യയേയും ഒന്നര വയസുകാരിയായ ഏകമകളെയും കൂട്ടിക്കൊണ്ടുപോയി ചെക്ക്ഡാമിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത കേസിൽ വിചാരണയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.
പ്രതിയായ ഭർത്താവ് ഭാര്യയെയും മകളെയും കൂട്ടി നവോദയ കുന്നിലേക്ക് പോകുന്നതും തിരിച്ച് അണക്കെട്ടിനടുത്തേക്ക് വരുന്നതുമായി വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചത്. 13 സാക്ഷികളുടെ വിസ്താരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഫ്രാസ്റ്റ് ട്രാക്ക് -ഒന്ന്) യിൽ പൂർത്തിയായി.
വിസ്തരിച്ച സാക്ഷികൾ പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു. 19 രേഖകൾ മാർക്ക് ചെയ്തു. ഒമ്പത് തൊണ്ടി മുതലുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പാട്യം പത്തായക്കുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു എന്ന ഷിജു (46)വാണ് കേസിലെ പ്രതി. കേസിലെ ഒന്നാം സാക്ഷിയും ഷിജുവിന്റെ ഭാര്യയുമായ ചോയ്യാടത്തെ എം. പി.സോന ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയിയിട്ടുള്ളത്.
സോനയേയും മകൾ അൻവിതയേയും മൊകേരി പാത്തിപ്പാലത്തെ വാട്ടർ അഥോറിറ്റിയുടെ ചെക്ക്ഡാമിനടുത്തായി കൊണ്ടുപോയ ശേഷം കൊല്ലുകയെന്ന ലക്ഷ്യത്തോടെ ഡാമിലേക്ക് തള്ളിയിട്ടു എന്നാണ് കേസ്. 2021 ഒക്ടോബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. 122 സാക്ഷികളാണ് ഈ കേസിലുള്ളത്.