മുങ്ങിമരണമില്ലാത്ത നാളേക്കായി ജലസുരക്ഷാ കാമ്പയിന് തുടക്കം
1579323
Monday, July 28, 2025 12:51 AM IST
പയ്യന്നൂര്‍: ജല അപകടങ്ങളില്‍ ജീവനുകള്‍ പൊലിയുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ജലസുരക്ഷാ കാമ്പയിന് തുടക്കമായി. ലോക മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി ചാള്സണ് സ്വിമ്മിംഗ് അക്കാദമിയുടെയും ഏഴിമല എകെജി സ്മാരക കലാ കായിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്പുഴയിലാണു കാമ്പയിന് തുടക്കമായത്.
ജല അപകടങ്ങള്‍ ഒഴിവാക്കി ജീവന് സംരക്ഷിക്കാന്‍ പൊതുസമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെപ്റ്റംബര്‍ ആറുവരെ നീണ്ടുനില്‍ക്കുന്ന ജലസുരക്ഷാ കാമ്പയിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു.
കണ്ണൂര്‍ ഫയര്‍ ആൻഡ് റസ്ക്യു സ്റ്റേഷന് ഓഫീസര്‍ പി.വി. പവിത്രന്, എകെജി സ്മാരക കലാകായിക വേദി സെക്രട്ടറി ജാക്സണ് ഏഴിമല, നിഖിലേഷ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. ചാള്സണ് ഏഴിമലയോടൊപ്പം അദ്ദേഹത്തിന്റെ മക്കള്‍ കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനും നീന്തല്‍ പരിശീലകനുമായ വില്യം ചാള്സണ്, അധ്യാപികയും നീന്തല്‍ പരിശീലകയുമായ ജാസ്മിന് ചാള്സണ്, നെഫ്രോളജിസ്റ്റ് ഡോ. മിഥുന്, ഫയര്‍ ഓഫീസര്‍ മനോജ് എന്നിവരും സഹപരിശീലകരായി.
ഇന്നലെ നടന്ന ആദ്യദിന പരിശീലനത്തില്‍ വിവിധ ജില്ലകളില്‍നിന്നെത്തിയ 85 പേര് പങ്കെടുത്തു. സെപ്റ്റംബര്‍ ആറുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും തുടര്‍പരിശീലനങ്ങള്‍ നടത്തപ്പെടും.