കേളൻപീടികയിലെ സ്നേഹയുടെ ആത്മഹത്യ; ജാമ്യത്തിൽ ഇറങ്ങിയ ഭർത്താവ് ജിനീഷിനെതിരേ വീണ്ടും കേസ്
1580632
Saturday, August 2, 2025 2:14 AM IST
ഇരിട്ടി: ഭർതൃ പീഡനം കാരണം ആത്മഹത്യ ചെയ്ത സ്നേഹയുടെ (25) ഭർത്താവ് കുഴിവിള വീട്ടിൽ ജിനീഷിനെതിരെ വീണ്ടും ഇരിട്ടി പോലീസ് കേസെടുത്തു. കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ സ്നേഹയുടെ കുടുംബത്തെയും കുട്ടിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിനാണ് വീണ്ടും കേസെടുത്തത്. മരിച്ച സ്നേഹയുടെ അമ്മ രമയുടെ പരാതിയിലാണ് കേസ്.
സാധാരണ ആത്മഹത്യ എന്ന് ആദ്യം കരുതിയിരുന്ന മരണം സ്നേഹയുടെ അമ്മയുടെ സഹോദരി ലീഭയുടെ വെളിപ്പെടുത്തിലോടെയാണ് ഭർതൃപീഡനം ആണെന്ന് പുറംലോകം അറിയുന്നത്. തുടർന്നാണ് അമ്മ രമയും അമ്മയുടെ സഹോദരി ലീഭയും സ്നേഹ അനുഭവിച്ച ഞെട്ടിക്കുന്ന പീഡനത്തിന്റെ കഥകൾ പുറത്തറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് ജിനീഷിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കോടതിൽ നിന്നു ജാമ്യം ലഭിച്ച ശേഷം നാട്ടിലെത്തിയ പ്രതി കുടുംബത്തിനും സ്നേഹക്കുമെതിരെ അപവാദ പരാമർശങ്ങൾ നടത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ പ്രതിയുടെ ജാമ്യം ഉൾപ്പെടെ റദ്ദ് ചെയ്യാമെന്ന സ്ഥിതിയാണുള്ളത്. കേസിന്റെ റിപ്പോർട്ട് അടുത്തദിവസം തന്നെ എസ്പിക്ക് സമർപ്പിക്കുമെന്ന് ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു.