കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് നാലുപേർക്ക് പരിക്ക്
1580627
Saturday, August 2, 2025 2:14 AM IST
മട്ടന്നൂർ: ഉരുവച്ചാൽ കയനിയിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കാറിലെ യാത്രക്കാരായ ബാവോട്ടുപാറയിലെ സിനാൻ (20), ജാസിം (20) എന്നിവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും, ഹിഭാഷ് (19), മുഹ്സിൻ ശഹബാൻ (19) എന്നിവരെ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട സമയം റോഡരികിലെ നടന്നുപോകുകയായിരുന്ന യാത്രക്കാരി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
ഉരുവച്ചാൽ-മണക്കായി റോഡിൽ കയനി പള്ളിക്കു സമീപത്തായിരുന്നു അപകടം. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്കുവരികയായിരുന്ന കാറാണു നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുത തൂണും തകർന്നിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തിയവർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. മട്ടന്നൂർ എസ്ഐ പി.കെ. അക്ബറും സംഘവും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.