കണ്ണൂരിൽ പ്രതിഷേധാഗ്നി
1580634
Saturday, August 2, 2025 2:15 AM IST
കണ്ണൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലിടച്ചതിലും നീതിനിഷേധിച്ചതിനുമെതിരേ തലശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും എകെസിസി, കെഎൽസിഎ, സിആർഎ തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ നടത്തിയ റാലിയും പൊതുയോഗവും പ്രതിഷേധാഗ്നിയായി. വൈദികരും സന്യസ്തരുമുൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി. ബർണശേരി സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരി ഫാ. അലക്സാണ്ടർ, സിസ്റ്റർ ഹരിത ഡിഎസ്എസ്, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, സിസ്റ്റർ സീന സേവ്യർ എഫ്സിസി, റവ. ജിജോ ആൽബർട്ട്, ഫാ. ജോമോൻ ചെന്പകശേരി, തലശേരി അതിരൂപത പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ രൂപത പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാത്മ മന്ദിരത്തിലെ ഗാന്ധിപ്രതിമയിൽ ശ്രീപുരം പാസ്റ്റർ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ ഹാരാർപ്പണം നടത്തിയശേഷമാണ് പ്രകടനമായി സ്റ്റേഡിയം കോർണറിലേക്ക് നീങ്ങിയത്.തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, തലശേരി അതിരൂപത ചാൻസിലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ, കണ്ണൂർ രൂപത ചാൻസിലർ റവ. ഡോ. ആന്റണി കുരിശിങ്കൽ, തലശേരി അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റം, കണ്ണൂർ രൂപത പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫാ. മാത്യു നരിക്കുഴി, കണ്ണൂർ ക ത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ, ഫാ. തോമസ് കളപ്പറന്പിൽ, ദീപിക റസിഡന്റ മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്, സിസ്റ്റർ അഞ്ജലി എഫ്സിസി, സിസ്റ്റർ വിനയ പുരയിടത്തിൽ യുഎംഐ, എകെസിസി തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് എന്നിവർ നേതൃത്വം നൽകി.
അമിത്ഷായുടെ നിർദേശം പോലും ഛത്തീസ്ഗഡ് സർക്കാർ കാറ്റിൽ പറത്തി: മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്തീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശം പോലും ഛത്തീസ്ഗഡ് സർക്കാർ കാറ്റിൽ പറത്തിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് തലശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. അമിത് ഷാ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, അമിത് ഷായുടെ വാക്കുകൾ കാറ്റിൽ പറത്തിയാണ് ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. എന്നാൽ, ഇവിടെ അതുപോലും പറ്റാത്ത സാഹചര്യമാണ്. കാലം മാപ്പ് നല്കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്. അന്യായമായി അറസ്റ്റ് ചെയ്തിട്ടും കന്യാസ്ത്രീകളെ ജയിലിൽനിന്ന് പുറത്തിറക്കാൻ നീതിപീഠത്തിന് കഴിയുന്നില്ല.
നീതിനിഷേധം നടന്നാൽ ഇനിയും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരും. ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മതപരിവർത്തന നിരോധനനിയമം. ഈ നിയമത്തിന്റെ ചൂടുപറ്റി തിരുവസ്ത്രം ധരിച്ചവരെയും വൈദികരെയും ഉപദ്രവിക്കാൻ സാമൂഹ്യവിരുദ്ധ സംഘടനകളെ അനുവദിക്കില്ല. കന്യാസ്ത്രീമാർക്ക് ജാമ്യം നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ചില സാമൂഹ്യവിരുദ്ധ, തീവ്രവാദ സംഘടനകളാണ്. തീവ്രവാദ സംഘടനകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് വിളിച്ചുകൂവിയാൽ അത് സത്യമാകില്ല. നിർബന്ധിച്ച് ആരെയും മതം മാറ്റാൻ പാടില്ലെന്നതിൽ ഉറച്ചുനിൽക്കുന്നവരാണ് ക്രൈസ്തവ സമൂഹം. ക്രൈസ്തവ സമൂഹം മതപരിവർത്തനം നടത്തുന്നുവെങ്കിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കണക്കിൽ ക്രൈസ്തവർ 2.4 ശതമാനംത്രമായി ചുരുങ്ങില്ലായിരുന്നു. മതപരിവർത്തനം എന്ന പുകമറ സൃഷ്ടിച്ച് ന്യൂനപക്ഷത്തെ വേട്ടയാടുകയാണ്.
ചില തീവ്രവാദ സംഘടനകളെ നിലയ്ക്കു നിർത്താൻ സർക്കാരിന് സാധിക്കണം. നിർബന്ധിത മതപരിവർത്തനത്തിന്റ ദുർവ്യാഖ്യാനമാണ് നടക്കുന്നത്. ആരാണ് ഈ വ്യാഖ്യാനം നൽകിയത്. ആൾക്കൂട്ട വിചാരണയിലൂടെ ഇത് നടത്തുന്നത് അപകടകരമായ അവസ്ഥയാണ്. ആൾക്കൂട്ടങ്ങൾക്കും തീവ്രവാദ സംഘടനകൾക്കും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കപ്പെടണം. ആരും ഇവിടെ നിർബന്ധിത മതപരിവർത്തനത്തിന്റെ വക്താക്കളല്ലെന്നും എല്ലാവരെയും പോലെ ന്യൂനപക്ഷങ്ങൾക്കും ഈ രാജ്യത്ത് സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയല്ല നമ്മൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നീതിനിഷേധിക്കപ്പെട്ട സഹോദരിമാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നത് ഉത്തരവാദിത്വപ്പെട്ടവർ മനസിലാക്കണം. കുട്ടികൾക്ക് വിദ്യചൊല്ലികൊടുക്കുന്നതും രോഗികളെ ചികിത്സിക്കുന്നതും ഈ രാജ്യത്ത് തിരുവസ്ത്രം ധരിച്ച് നടക്കുന്നതും മറ്റുമാണ് കന്യാസ്ത്രീമാരിൽ കണ്ട കുറ്റമെങ്കിൽ ജീവനുള്ളിടത്തോളം കാലം ഈ രാജ്യത്ത് ഞങ്ങളെല്ലാവരും ആ സുവിശേഷത്തിന്റെ വക്താക്കളായിരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.