റിവർവ്യൂ പോയിന്റ് ആക്രമണം: പ്രതികളെ എടക്കാനത്തെത്തിച്ച് തെളിവെടുത്തു
1580630
Saturday, August 2, 2025 2:14 AM IST
ഇരിട്ടി: എടക്കാനം റിവർവ്യൂ പോയന്റിൽ കഴിഞ്ഞ 13ന് നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രധാന പ്രതികളെ എടക്കാനത്തെത്തിച്ച് തെളിവെടുത്തു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി എടക്കാനത്തെ ആക്രമണം നടന്ന പുഴക്കരയിലും പ്രതികൾ രക്ഷപ്പെടുന്നതിനിടെ വാഹനാപകടം നടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുത്തത്.
കേസിലെ രണ്ടാം പ്രതിയും അക്രമികൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയുമായ മുഴക്കുന്ന് നല്ലൂരിൽ ഉരുവച്ചാലിൽ ഹൗസിൽ അട്ടാപ്പി എന്ന ശ്രീലാൽ (29), മൂന്നാം പ്രതി കാക്കയങ്ങാട് പാലപ്പുഴ കൂടലാട് ശ്രുതി നിവാസിൽ ഉണ്ണി എന്ന സുജീഷ് (26), അഞ്ചാം പ്രതിയും സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റിയംഗവും കാക്കയങ്ങാട് പാലപ്പുഴ കൂടലാട് ബ്രാഞ്ച് സെക്രട്ടറിയുമായ ദേവർ ഹൗസിൽ എ. രഞ്ജിത്ത് (32) എന്നിവരെയാണു കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെടുന്നതിനിടെ കീഴൂർക്കുന്ന്-എടക്കാനം റോഡിൽ പാലാപ്പറമ്പ് വയോജന കേന്ദ്രത്തിനു സമീപം കശുമാവ് തോട്ടത്തിൽ വലിച്ചെറിഞ്ഞ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എടക്കാനം സ്വദേശികളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 12 പേരുൾപ്പെടെ 15 പേർക്കെതിരെയാണ് ഇരിട്ടി പോലീസ് വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെത്തിരുന്നത്. എട്ടു പ്രതികളാണ് ഇതുവരെ പിടിയിലായത്. എടയന്നൂർ ശുഹൈബ് വധക്കേസ് പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശിയുമായ ദീപ് ചന്ദാണ് (34) എടക്കാനം കേസിലെ ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ മറ്റു പ്രതികൾ ഒളിവിലാണ്.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രധാന പ്രതിയുൾപ്പെടെ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണൻ പറഞ്ഞു.