സഹനകാലത്തെ കൂട്ടായ്മ
1580614
Saturday, August 2, 2025 2:14 AM IST
മലബാർ കുടിയേറ്റത്തിന്റെ
സാഹസിക മുന്നേറ്റത്തെ
നേരിട്ടറിഞ്ഞവരും
അനുഭവിച്ചവരും അഭിമാനം
കൊള്ളുന്നവരും ദീപിക
ലേഖകരോട് ഒാർമകൾ
പങ്കുവയ്ക്കുന്ന
വാർത്താപരന്പര
"പൈതൃകം മലയോരം' അവസാനഭാഗം ഇന്ന്.
ഇതുവരെ കണ്ടിട്ടില്ലാത്ത വാഗ്ദത്തഭൂമിയിലേക്ക് അത്യാവശ്യ സാധനങ്ങളടങ്ങിയ വലിയ പെട്ടികളും മറ്റുമായി വലിയൊരു യാത്രയുടെ തുടക്കമായിരുന്നു 1943ലെ ക്നാനായ കുടിയേ റ്റമെന്ന് സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആളുകളിലൊരാളായിരുന്ന എം.പി.ഫിലിപ്പോസ് മെത്താനത്ത് ഓർക്കുന്നു.
ഫെബ്രുവരി രണ്ടി ന് കോട്ടയത്തുനിന്ന് ബോട്ട് മാർഗം എറണാകുളത്തെത്തി. അവിടെനിന്ന് മദ്രാസിൽ പോകുന്ന കൽക്കരി വണ്ടിയിൽ കയറി ഷൊർണൂരിലേക്ക്. ഷൊർണൂരിൽ നിന്ന് മലബാറിലേക്ക് മറ്റൊരു കൽക്കരി വണ്ടിയിലായിരുന്നു യാത്ര. അങ്ങനെ രണ്ടു ദിവസത്തോളം നീണ്ട യാത്രയുടെ ഒടുക്കം ക്ഷീണിതരായ യാത്രക്കാർ മൂന്നാം തീയതി വൈകിുന്നേരത്തോടെ കാഞ്ഞങ്ങാട് വണ്ടിയിറങ്ങി. അവിടെ ലത്തീൻ പള്ളിയിൽ ഇവർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
അടുത്തദിവസം രാവിലെ കാളവണ്ടിയിലാണ് യാത്ര തുടങ്ങി. കുറേ ദൂരം നടക്കേണ്ടിയും വന്നു. കാഞ്ഞങ്ങാട്ട് നിന്ന് കിഴക്കോട്ട് നീങ്ങി അമ്പലത്തറ ഭാഗത്തെത്തിയപ്പോഴേക്കും ഭൂരിഭാഗം പേരും മനസ് മടുത്ത നിലയിലായിരുന്നു. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പാറപ്രദേശത്ത് എങ്ങനെ കൃഷിചെയ്ത് ജീവിക്കാൻ കഴിയുമെന്ന ആശങ്കയായിരുന്നു അവരുടെ മനസിൽ. അവിടെനിന്ന് നടന്ന് ഒടയഞ്ചാൽ കഴിഞ്ഞപ്പോഴേക്കും ഭൂമിയുടെ സ്വഭാവം മാറുന്നത് അവർ കണ്ടറിഞ്ഞു.
അപ്പോൾ എല്ലാവർക്കും ആശ്വാസമായി. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകൾ നടന്നാണ് അന്ന് ഏച്ചിക്കോൽ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ രാജപുരം പ്രദേശത്ത് എത്തിയത്. അവിടെ അവരെ കാത്തിരുന്ന ഫലഭൂയിഷ്ടമായ ഭൂമി കണ്ടപ്പോൾതന്നെ നീണ്ട യാത്രയുടെ ക്ഷീണത്തിലും എല്ലാവരുടെയും മനസ് നിറഞ്ഞു.
അന്ന് കോട്ടയം രൂപതയെ നയിച്ചിരുന്ന മാർ അലക്സാണ്ടർ ചോളപ്പറമ്പിൽ പിതാവാണ് ജനതയെ ദാരിദ്ര്യത്തിലും ക്ഷാമത്തിലും നിന്ന് കരകയറ്റാൻ മലബാറിലേക്ക് കുടിയേറുന്നതിനുള്ള വഴിതേടിയത്. പ്രഫ.വി.ജെ ജോസഫിന്റെ നേതൃത്വത്തിൽ 1942 ൽ നീലേശ്വരം കോവിലകത്തിൽ നിന്നും വാങ്ങിച്ച സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ ഫാ.ലോക്ക് കട്ടപ്പുറം, ഫാ.ജേക്കബ് കാലിൽ എന്നിവരെ ഏൽപ്പിച്ചിരുന്നു. ഒരു ബ്ലോക്കിൽ 12.5 ഏക്കർ വീതം സ്ഥലമാണ് അളന്ന് തിട്ടപ്പെടുത്തി വെച്ചത്. ഇവിടെ താമസിക്കാനായി നൂറടി നീളത്തിലും 20 അടി വീതിയിലും ഒരു ഷെഡ് നിർമിച്ചിരുന്നു
. പിന്നീട് ഒരു കുടുംബത്തിന് 3.5 ഏക്കർ വീതം സ്ഥലം നറുക്കെടുത്തു. ഓരോ കുടുംബവും തങ്ങൾക്ക് കിട്ടിയ സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് ചെറിയ ഷെഡ് നിർമിച്ച് അവിടെ താമസിച്ച് കൃഷി ചെയ്യാനാരംഭിച്ചു. അന്ന് പണം കൊടുത്ത് തൊഴിലാളികളെ വയ്ക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ പരസ്പരം സഹായിച്ചു.