ജയഗിരി, മണ്ണാത്തിക്കുണ്ട് മേഖലയിൽ കാട്ടാനകളിറങ്ങി; കൃഷി നശിപ്പിച്ചു
1580623
Saturday, August 2, 2025 2:14 AM IST
ഉദയഗിരി: ഉദയഗിരി പഞ്ചായത്തിലെ ജയഗിരി, മണ്ണാത്തിക്കുണ്ട് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
കാരാങ്കൽ ആന്റണി, വെന്പള്ളി ഷാജു, ലിബിൻ കാരാങ്കൽ, തടത്തേൽ ജോസഫ്, പന്തപ്ലാക്കൽ ഗിരി, ടോമി മണ്ഡപം, ചാത്തനാട്ട് ഏലിക്കുട്ടി എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്.
ആന്റണിയുടെ 200 ഓളം വാഴകളും കായ്ക്കുന്ന തെങ്ങും ഷാജുവിന്റെ നിരവധി വാഴകളും നശിപ്പിച്ചു. വാഴത്തോട്ടത്തിൽ വച്ചിരുന്ന നിരവധി ചാക്ക് വളവും കുത്തി കീറി നശിപ്പിച്ചു.
കർണാടക വനത്തിൽ നിന്നുമാണ് ആനക്കൂട്ടം എത്തുന്നത്. പ്രദേശത്ത് വൈദ്യുത വേലിയുണ്ടെങ്കിലും സാമൂഹ്യവിരുദ്ധർ കന്പികൾ കൂട്ടിക്കെട്ടി ഷോർട്ട്സർക്യൂട്ട് ഉണ്ടാക്കുന്നതിനാൽ പലയിടത്തും പ്രവർത്തന രഹിതമാണ്.
ഇതിലൂടെയാണ് ആനകൾ കൃഷിയിടങ്ങളിലെത്തുന്നത്. ഒരാഴ്ചയായി ഈ മേഖലയിൽ കാട്ടാനക്കൂട്ടം തന്പടിച്ചിരിക്കുകയാണ്. കൃഷിനാശം ഉണ്ടായ സ്ഥലങ്ങൾ വനംവകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു.