എംഡിഎംഎയുമായി ശ്രീകണ്ഠപുരം സ്വദേശി പിടിയിൽ
1580633
Saturday, August 2, 2025 2:15 AM IST
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ 18.639 ഗ്രാം എംഡിഎംഎയുമായി ശ്രീകണ്ഠപുരം നിടിയങ്ങാട് സ്വദേശി വി.എസ്. അമൃതിനെ (28) ഇരിട്ടി പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. അതീവ രഹസ്യമായി ബൈക്കിന്റെ സീറ്റിനടിയിലെ ഫിൽറ്ററിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചനിലയിലായിരുന്നു.
കർണാടകയിൽ നിന്ന് താത്കാലിക രജിസ്ട്രേഷൻ ബൈക്കിൽ വരികയായിരുന്ന പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഫിൽറ്ററിന്റെ സ്ക്രൂ ഇളകിയ നിലയിൽ കണ്ടെത്തിയതും സമീപത്തുതന്നെ സ്ക്രൂ തുറക്കാൻ ഉപയോഗിക്കുന്ന അലൈൻ കീയും കണ്ടെത്തിയതോടെയാണു പോലീസ് ഫിൽറ്റർ ബോക്സ് തുറന്നു പരിശോധിച്ചത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതി പോലീസിനു നൽകിയ മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ ഇരിട്ടി എസ്ഐ എം.ജെ. ബെന്നി, സിവിൽ പോലീസ് ഓഫീസർമാരായ നിസാമുദീൻ, ആദർശ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജിജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, ഷൗക്കത്തലി എന്നിവരും ഉണ്ടായിരുന്നു.