ആസ്റ്റര്‍ മിംസില്‍ ബ്രെസ്റ്റ് ഇമേജിംഗ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം തുടങ്ങി
1580613
Saturday, August 2, 2025 2:14 AM IST
കണ്ണൂര്‍: സ്തനാര്‍ബുദ നിര്‍ണയരംഗത്ത് വലിയ പുരോഗതിക്ക് വഴിയൊരുക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്) സൗകര്യങ്ങൾ ഉൾകൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിംഗ് ആൻഡ് ഇന്റർവെൻഷൻ സെന്റർ(ഡിജിറ്റൽ) പ്രവര്‍ത്തനമാരംഭിച്ചു. മാമ്മോഗ്രാഫി യൂണിറ്റിലെ ദൃശ്യങ്ങള്‍ മുന്‍പ് ലഭ്യമായവയേക്കാള്‍ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും ലഭ്യമാകും. മാത്രമല്ല സംശയാസ്പദങ്ങളായ മുഴകള്‍ കൂടുതല്‍ വ്യക്തതയോടെ അവലോകനം ചെയ്യാൻ കോണ്ട്രാസ്റ്റ് മാമ്മോഗ്രാഫി സംവിധാനവും ഇതിനോടൊപ്പം ലഭ്യമാണ്.
സ്റ്റീരിയോടാക്റ്റിക്-ഗൈഡഡ് ബയോപ്സി സംവിധാനത്തിന്റെ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. ഇവ ഉപയോഗിച്ച് യുഎസ്ജി സ്കാനിംഗില്‍ പോലും വ്യക്തമാകാത്ത നേരിയ അസ്വാഭാവികതകളെ പോലും തിരിച്ചറിയാനും കൃത്യമായി നിര്‍ണയം നടത്താനും സാധിക്കും. കണ്ണൂര്‍ അസി. കളക്ടര്‍ എഹ്തേദ മുഫാസിര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ത്രീഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി യൂണിറ്റിന്റെ പ്രവര്‍ത്തനം യാഥാർഥ്യമാകുന്നതോടെ ഉത്തരകേരളത്തിന്റെ സ്തനാര്‍ബുദ ചികിത്സയില്‍ വലിയ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആംസ്റ്റർ മിംസ് കണ്ണൂര്‍ സിഒഒ ഡോ.അനൂപ് നമ്പ്യാര്‍ പറഞ്ഞു. ആസ്റ്റർ മിംസ് കണ്ണൂർ സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത്, റേഡിയോളജി വിഭാഗം മേധാവി ഡോ.വരദരാജ്, എച്ച്ഒഡി ഡോ. ദീപ രാജ്മോഹന്‍, അഡ്വാൻസ്ഡ് ബ്രെസ്റ്റ് ഇമേജിംഗ് ഇൻചാർജ് ഡോ. ആർ. തുഷാര, ഓങ്കോളജി വിഭാഗം കണ്‍സൾട്ടന്റ് ഡോ.പി.ഗോപിക തുടങ്ങിയവര്‍ ഡിജിറ്റല്‍ മാമോഗ്രാഫിയുടെ ആവശ്യകതയും സവിശേഷതകളും വിശകലനം ചെയ്തു.