പയ്യാവൂർ പഞ്ചായത്തിൽ "സീറോ അനീമിക് ഗ്രാമം' പദ്ധതിക്ക് തുടക്കമായി
1580987
Sunday, August 3, 2025 7:58 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് 2024-25 വർഷത്തിൽ ആസൂത്രണം ചെയ്ത "സീറോ അനീമിക് ഗ്രാമം' പദ്ധതിക്ക് തുടക്കമായി. പയ്യാവൂർ പഞ്ചായത്ത് പരിധിക്കുള്ളിലെ 15 മുതൽ 65 വരെ വയസ് പ്രായമുള്ള കുട്ടികൾ, സ്ത്രീകൾ എന്നിവരുടെ വിളർച്ച പരിശോധിക്കുന്ന പദ്ധതിയാണിത്.
എട്ടായിരം ആളുകളെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിശോധന റിപ്പോർട്ട് പിഎച്ച്സിയിൽ സൂക്ഷിക്കും. വിളർച്ച അനുഭവപ്പെടുന്ന സ്ത്രീകളിൽ മരുന്നുകഴിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ള പഠനം ഇതുവഴി സാധ്യമാകും.
പയ്യാവൂർ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി എട്ടായിരം ആളുകൾ ഈ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ചന്ദനക്കാംപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ ഷീന ജോൺ, വാർഡ് മെംബർമാരായ രജനി സുന്ദരൻ, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് എന്നിവർ ക്ലാസ് നയിച്ചു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പയ്യാവൂർ പഞ്ചായത്തിൽ രൂപീകൃതമായ നാട്ടുകൂട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി വിവരങ്ങൾ നൽകി വരുംദിവസങ്ങളിൽ ഓരോ വാർഡുകളിലും ഇതിനായുള്ള കാമ്പയിൻ സംഘടിപ്പിക്കും. പയ്യാവൂർ പഞ്ചായത്തിന്റെ നൂറുദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ഈ ഉദ്യമം സാക്ഷാത്കരിക്കുന്നത്.