അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റുന്നതിലുള്ള അനാസ്ഥ അവസാനിപ്പിക്കണം: താലൂക്ക് വികസന സമിതി
1580998
Sunday, August 3, 2025 7:58 AM IST
ഇരിട്ടി: പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റുന്നതിലും മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിലും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ അഞ്ചുമാസം മുമ്പ് മുറിച്ചിട്ട കൂറ്റൻ മരം ഉണ്ടാക്കുന്ന അപകടഭീഷണി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി യോഗത്തിന് മുന്നിൽ ഉന്നയിച്ചു. മരം മാറ്റാൻ പലതവണ ആവശ്യപ്പെട്ടു. 50,000 രൂപയാണ് സാമൂഹ്യ വനവത്കരണ വിഭാഗം കണക്കാക്കിയ വില. പതിനായിരം രൂപക്ക് പോലും മരം എടുക്കാൻ ആളില്ല. ഇത് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സൂക്ഷിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, ഇത് സൂക്ഷിക്കാൻ പറ്റിയ സ്ഥലം പഞ്ചായത്തിന്റെ അധീനതയിലില്ല. ഇത് പൊതുജനങ്ങൾക്കുണ്ടാക്കുന്ന അപകടഭീഷണി ചെറുതല്ലെന്നും ശ്രീമതി പറഞ്ഞു.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജില്ലാ മരംമുറി സമിതി യോഗം പോലും ചേരുന്നതെന്ന് വിഷയത്തിൽ ഇടപെട്ട് സംസാരിച്ച അധ്യക്ഷൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ പറഞ്ഞു. മുറിച്ചുമാറ്റിയ മാരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തവണ ലോലം ചെയ്യുന്നതിന് തടസമില്ല. 1,40000 രൂപ വിലയിട്ട മരം 8000രൂപയ്ക്ക് ലേലം ചെയ്ത കാര്യവും തഹസിൽദാർ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തില്ലങ്കേരി-കാക്കയങ്ങാട് റോഡിലും കാക്കയങ്ങാട് ടൗണിലും ഉള്ള വെള്ളക്കെട്ട് ഓവുചാൽ വൃത്തിയാക്കി പരിഹരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അടുത്ത ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് മണത്തണ-കൊട്ടിയൂർ റോഡ് 10.5 മീറ്റർ വീതിയിൽ വികസിപ്പിച്ച് ഓവുചാൽ നിർമിക്കണമെന്ന് സിപിഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. ഇതിനുള്ള മാസ്റ്റർ പ്ലാൻ പോലീസ് തയാറാക്കിയതായും ബന്ധപ്പെട്ട യോഗത്തിന്റെ അംഗീകാരത്തോടെ ഉടൻ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഹസിൽദാർ സി.വി. പ്രകാശൻ പറഞ്ഞു.
ആനമതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്നും ആറളം ഫാം റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ലഹരി വില്പന തടയാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതർ യോഗത്തെ അറിയിച്ചു. യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, കെ. മുഹമ്മദലി, പി.സി. രാമകൃഷ്ണൻ, പി.കെ. ജനാർദ്ദനൻ, തോമസ് തയ്യിൽ, പി.പി. ദിലീപ്കുമാർ, വിപിൻ തോമസ്, കെ.പി. ഷാജി, എംഎൽഎയുടെ പിഎ മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.
അതേസമയം, വികസന സമിതി യോഗത്തിൽ ഉയരുന്ന പരാതികൾക്ക് കൃത്യമായി മറുപടി പറയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻമാർ എത്താത്തത് യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ ചെയർമാൻ മാത്രമല്ലല്ലോ വിവിധ വകുപ്പ് മേധാവികളും ഉണ്ടല്ലോയെന്നും ഇവരാരും യോഗത്തിൽ വരാത്തതെന്താണെന്ന് അംഗങ്ങൾ ചോദിച്ചു. അംഗങ്ങളുടെ പല ചോദ്യങ്ങൾക്കും മറുപടി പറയാൻ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എത്താത്തത് നേരേത്തെയും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.