എന്നു തീരും നരകയാത്ര
1581125
Monday, August 4, 2025 2:14 AM IST
ഇരിട്ടി: മാക്കൂട്ടം ചുരം അന്തർ സംസ്ഥാനപാതയിൽ ദുരിതവഴികൾ താണ്ടി യാത്രക്കാർ. റോഡേത് കുഴിയേത് എന്നു തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനം മുതൽ വലിയ ചരക്കുവാഹങ്ങൾ വരെ നട്ടം തിരിയുകയാണ്. മുന്പ് അരമണിക്കൂറിൽ ചുരം കടക്കാമായിരുന്നു. ഇപ്പോൾ കുറഞ്ഞത് ഒന്നര മണിക്കൂറാണ് യാത്രയ്ക്കു വേണ്ടത്.
എത്ര പരിചയസമ്പന്നനായ ഡ്രൈവ റായാലും കുഴിയിൽ വീണ് നടുവൊടിയാതെ യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. കൂട്ടുപുഴ മുതൽ മാക്കൂട്ടം ചെക്ക് പോസ്റ്റ് വരെയുള്ള അഞ്ചു കിലോമീറ്ററും പെരുമ്പാടി മുതൽ നാലു കിലോമീറ്റർ കൂട്ടുപുഴ ഭാഗത്തേക്കുമാണ് റോഡ് പൂർണമായി തകർന്നുകിടക്കുന്നത്. ബാക്കിയുള്ള ദൂരം രണ്ട് റീച്ചുകളിലായി നാലു കിലോമീറ്റർ വീതികൂട്ടിയും പുനർനിർമാണം നടത്തിയും ബാക്കി അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിരുന്നു. ദിനം പ്രതി നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിൽ കൂടുതൽ ചരക്കു വാഹനങ്ങളും കടന്നുപോകുന്ന ചുരംപാത കർണാടക സംസ്ഥാന പാത 91 ന്റെ ഭാഗമാണ്.
ചരക്ക്നീക്കം ദുർഘടം;
മരങ്ങളും ഭീഷണി
ചുരംപാത വഴി ദിനം പ്രതി ആയിരത്തിലധികം യാത്രാവാഹനങ്ങളും അത്രത്തോളം ചരക്ക് വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ബംഗളൂരുവിൽനിന്ന് 30 ഓളം ടൂറിസ്റ്റ് ബസുകളും അത്രത്തോളം കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.
കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് പച്ചക്കറികളും മുട്ടയും കോഴിയും എത്തുന്നത് ചുരംപാത വഴിയാണ്. യാത്രാ സമയത്തിലെ വർധനയും വാഹനങ്ങളുടെ കേടുപാടുകളും വലുതും ചെറുതുമായ ചരക്ക് വാഹനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വർഷങ്ങൾക്ക് മുന്പ് നവീകരണം നടത്തിയശേഷം 16 കിലോമീറ്റർ വരുന്ന ചുരം പാതയിൽ പൂർണതോതിലുള്ള നവീകരണം പിന്നീട് ഉണ്ടായിട്ടില്ല. കൂടാതെ മരങ്ങൾ ഒടിഞ്ഞുവീഴുന്നതും ചുവടെ നിലംപൊത്തുന്നതുമാണ് ചുരം പാതയിലെ മറ്റൊരു ഭീഷണി. ഇക്കുറി കാലവർഷം തുടങ്ങിയ ശേഷം അമ്പതിലധികം കൂറ്റൻ മരങ്ങളാണ് പാതയിലേക്ക് നിലംപൊത്തിയത്. വലിയ അപകടങ്ങൾ ഉണ്ടായില്ലെങ്കിലും മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയ. ഒരു ദിവസം വ്യത്യസ്ത സമയങ്ങളിലായി മൂന്നു മരങ്ങൾ വരെ നിലംപൊത്തി. രാത്രി യാത്രക്കാരാണ് ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകളോളം പെരുവഴിയിലാകുന്നത്.
വിരാജ്പേട്ടയിൽനിന്നോ ഇരിട്ടിയിൽനിന്നോ അഗ്നി രക്ഷാസേന എത്തി വേണം മരം മുറിച്ചുമാറ്റി ഗതാഗത സ്തംഭനം ഒഴിവാക്കാൻ. ചുരം പാതയെ അപകടരഹിത പാതയാക്കണമെന്ന ആവശ്യം പലകോണുകളിൽനിന്നും ഉയരുന്നുണ്ടെങ്കിലും മടിക്കേരി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ല.