കുടിയേറ്റ പൈതൃകം പകർന്ന് ദീപിക സെമിനാർ
1581002
Sunday, August 3, 2025 7:58 AM IST
കുടിയേറ്റം ചരിത്രം മാറ്റിമറിച്ചു: മാർ ജോസഫ് പാംപ്ലാനി
കുടിയേറ്റം എന്നത് സാമൂഹിക പ്രതിഭാസമാണെന്നും കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചത് കുടിയേറ്റമാണെന്നും സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുടിയേറ്റ ജനത ഒരിക്കലും കൈയേറ്റക്കാരല്ലെന്ന് ആത്മാഭിമാനത്തോടെ പറയാനാകും. കാടുകൾ വെട്ടിത്തെളിച്ച് മണ്ണിൽ കനകം വിളയിച്ചു. കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ 30 ശതമാനം കുടിയേറ്റ ഭൂമിയിൽ നിന്നാണ്.
വന്യമൃഗങ്ങളോടും മലന്പനിയോടും പോരാടിയ അതിജീവനമായിരുന്നു കുടിയേറ്റക്കാരുടേത്. മലബാറിന്റെ മലമടക്കുകളിൽ റോഡുകൾ, പാലങ്ങൾ എന്നിവ നിർമിച്ചു. സംഘടിതമായിട്ടായിരുന്നു അവർ ഓരോന്നും നിർമിച്ചത്. ഏത് അന്യായത്തെയും എതിർക്കാർ കുടിയേറ്റ ജനതയുണ്ടാകും. വർഗീയതയുടെ പേരിൽ ഇന്ത്യ മുഴുവൻ ഭിന്നിച്ചാലും മലയോര ജനത ഭിന്നിക്കില്ല. കുടിയേറ്റക്കാലത്ത് ഒറ്റക്കെട്ടായ മലയോര ജനത ഇന്നും ഒറ്റക്കെട്ടാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കുടിയേറ്റക്കാർ പ്രതീക്ഷയുടെ മിഷനറിമാർ: മാർ ജോസഫ് പണ്ടാരശേരിൽ
നാടിന്റെ വികസനത്തിന് ശ്രദ്ധേയമായ നേട്ടങ്ങൾ നല്കിയത് കുടിയേറ്റക്കാരായിരുന്നുവെന്നും അവർ പ്രതീക്ഷയുടെ മിഷനറിമാരായിരുന്നുവെന്നും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. കുടിയേറ്റ ചരിത്രസെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

കുടിയേറ്റക്കാർ കടന്നുവന്ന ചരിത്രവഴികൾ പുതുതലമുറ ഓർക്കേണ്ടതാണ്. എന്നാൽ, പുതിയതലമുറ വിദേശങ്ങളിലേക്ക് കുടിയേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. യുവത്വം ഒളിച്ചോടി പോകുവാൻ പാടില്ല. മലബാറിൽ ഇനിയും വികസനസാധ്യതകളുണ്ട്. അതിനാൽ, ഇവിടം ഉപേക്ഷിച്ച് പോകരുത്. നിങ്ങളും കഠിനമായി അധ്വാനിക്കണം.
കൃഷി നിലനിൽക്കണം.ടൂറിസം, മെഡിക്കൽ ടൂറിസം, കടൽ സന്പത്ത് തുടങ്ങിയവയിലെല്ലാം കേരളത്തിൽ അനന്ത സാധ്യതകളാണുള്ളത്. കൃഷി വ്യവസായമായി മാറണം. ചെറുപ്പക്കാർ കൃഷിയിലേക്ക് വരണം. സാങ്കേതിക വിദ്യകളും ഐടി സാധ്യതകളും കൃഷിയിൽ പരീക്ഷിക്കണം. പണം മുടക്കി കൃഷി ചെയ്യണം. കൃഷിയിൽനിന്ന് ലഭിക്കുന്ന പണം മറ്റ് മേഖലകളിൽ നിക്ഷേപിക്കണം. അങ്ങനെ, പൂർവ പിതാക്കന്മാരെ പോലെ നിങ്ങളും പ്രതീക്ഷയുടെ മിഷനറിമാരായി മാറണം.
കുടിയേറ്റത്തിന്റെ സ്ഥാനം മഹത്തരം: സണ്ണി ജോസഫ് എംഎൽഎ
ഇന്നത്തെ കേരള ചരിത്രത്തിന്റെ സർവമേഖലകളിലും കുടിയേറ്റത്തിന്റെ സ്ഥാനം വളരെ മഹത്തരമാണ്. പട്ടിണി മാറ്റാൻ മികച്ച കാർഷിക അവസരങ്ങൾക്കായി പുതിയ മേച്ചിൽപ്പുറം തേടിയാണ് മലബാറിലും മലയോരത്തും കുടിയേറ്റജനത എത്തിയത്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലടിച്ചാണ് മലയോരത്തെ മലർവാടിയാക്കിയത്.

അതിന് ത്യാഗത്തിന്റെ, കൂട്ടായ്മകളുടെ, ലക്ഷ്യബോധത്തിന്റെ ചരിത്ര യാഥാർഥ്യങ്ങൾ ഒട്ടനവധിയാണ്. ഇന്നത്തെ വികസനത്തിന്റെ താങ്ങും തണലും കുടിയേറ്റ ജനതയുടെ വിയർപ്പിന്റെയും അനുഭവത്തിന്റെയും നേർസാക്ഷ്യമാണ് എന്ന കാര്യത്തിൽ ആർക്കും വിസ്മരിക്കാനാവില്ല.
കെപിസിസി പ്രസിഡന്റായതിന് പിന്നിലെ കരുത്തും വഴികാട്ടിയും കുടിയേറ്റത്തിന്റെ മകനായ തനിക്കും അഭിമാനിക്കാനാകും.
കുടിയേറ്റ പൈതൃകം കുടുംബങ്ങളും കുട്ടികളും: റവ. ഡോ. ഫിലിപ്പ് കവിയിൽ
പൈതൃകമെന്നത് തലമുറകളിലൂടെ ലഭിച്ച സമ്പത്താണ്. അത് സ്വത്ത്, സംസ്കാരം, വിശ്വാസം ഏതുമാകാം. കുടിയേറ്റത്തിന്റെ യഥാർഥ പൈതൃകം കുടുംബങ്ങളും കുട്ടികളുമാണ്. പണ്ട് ഒരു കുടുംബത്തിൽ 12 വരെ കുട്ടികളാണ്. ഇന്നത് ഒന്ന് അല്ലെങ്കിൽ രണ്ട്. ചിലപ്പോൾ മൂന്നുവരെ അപൂർവം. 12 പേർ ഉള്ളിടത്ത് പട്ടിണിയുണ്ട്. സമ്പത്തില്ല എങ്കിലും അധ്വാനിക്കും.
എന്നാൽ, ഇന്നത്തെ തലമുറ അധ്വാനിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ കുടിയേറ്റസമൂഹം തയാറാകണം. അന്ന് ഒന്നിന്റെയും വേലിക്കെട്ടുകളോ വേർതിരിവുകളോ ഇല്ലായിരുന്നു. റോഡ് വെട്ടാൻ പോലും കൂട്ടായ്മ ഉണ്ടായിരുന്നു.മനുഷ്യനെ മനുഷ്യനായി കാണാൻ കഴിഞ്ഞതാണ് മലബാർ കുടിയേറ്റത്തിന്റെ പ്രത്യേകതയും മൂല്യവും.
പാരന്പര്യം പുതുതലമുറ ഏറ്റെടുക്കണം: സജീവ് ജോസഫ് എംഎൽഎ
കുടിയേറ്റത്തിൽ നിന്ന് കുടിയിറക്കത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മലബാർ കുടിയേറ്റത്തിന്റെ നൂറ് വർഷത്തെ മാറ്റം, സ്വാധീനം, വെല്ലുവിളികൾ നിറഞ്ഞ ചരിത്രവഴികൾ എന്നിവ ചർച്ചചെയ്യുമ്പോൾ അത് വരും തലമുറയ്ക്ക് പകരാനാകണം. നാടിന്റെ ഇന്നത്തെ മാറ്റം കുടിയേറ്റത്തിന്റെ യഥാർഥ വിജയം എന്നു പറയുമ്പോൾ തന്നെ കുടിയേറ്റക്കാരെ സ്വീകരിച്ചവരെയും ഒപ്പം നിന്നവരെയും വിസ്മരിക്കരുത്. പൈതൃകവും പാരമ്പര്യവും പുതിയ തലമുറ കൂടി ഏറ്റെടുത്താൽ മാത്രമേ ഇത്തരം സെമിനാറുകൾ അർഥപൂർണമാകുകയുള്ളൂ.
മാർ വള്ളോപ്പിള്ളി കുടിയേറ്റക്കാരുടെ കിരീടം വയ്ക്കാത്ത രാജാവ്
കുടിയേറ്റ കർഷകരെ ഒന്നിപ്പിക്കുക എന്ന ദൗത്യമായിരുന്നു മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടേത്. കുടിയേറ്റക്കാരുടെ ആവലാതികൾ കേട്ടു. പരിഹരിക്കാൻ പറ്റുന്നത് പരിഹരിച്ചു. കുടിയേറ്റക്കാരുടെ ഇടയിൽ ആത്മവിശ്വാസം വളർത്തിയതാണ് പിതാവിന്റെ ഏറ്റവും വലിയ സംഭാവന. അവർക്ക് നേതാവും മാർഗദർശിയുമായിരുന്നു പിതാവ്. കുടിയേറ്റ മേഖലകളിലൂടെ നിരന്തരമായി യാത്ര ചെയ്തു.

ആഢംബരവും ധൂർത്തും ഒഴിവാക്കി ജീവിച്ച പിതാവ് എല്ലാ മതങ്ങൾക്കും സ്വീകാര്യനായിരുന്നു. കുടിയേറ്റക്കാരുടെ കിരീടം വയ്ക്കാത്ത രാജാവെന്ന് പിതാവിനെ വിശേഷിപ്പിക്കാം. കുടിയിറക്ക് നേരിടേണ്ടി വന്നപ്പോഴും പ്രകൃതി ദുരിതങ്ങൾ വന്നപ്പോഴും കുടിയേറ്റകാർക്കൊപ്പം പിതാവും ഉണ്ടായിരുന്നു.
ക്നാനായക്കാർ നടത്തിയത് യഥാർഥ സംഘടിത കുടിയേറ്റം
യഥാർഥ സംഘടിത കുടിയേറ്റമാണ് ക്നാനായക്കാർ മലബാറിൽ നടത്തിയത്. കുടിയേറ്റ ചരിത്രത്തെ വളച്ചൊടിക്കാൻ ഒളിഞ്ഞും തെളിഞ്ഞും പല കോണുകളിൽ നിന്നും ശ്രമമുണ്ടായി. പക്ഷേ, രാജപുരം, പനത്തടി, മടമ്പം, റാണിപുരം പ്രദേശങ്ങളിലെ കുടിയേറ്റം ആർക്കും തള്ളിപ്പറയാനാവാത്ത വിജയഗാഥകളാണ്.
ഇക്കാര്യത്തിൽ ഓരോ തലമുറയ്ക്കും അവബോധം നൽകാൻ അനിവാര്യമായ കാലഘട്ടമാണ് കടന്നുപോകുന്നത്. എല്ലാ കുടിയേറ്റങ്ങളും കാലാവസ്ഥയും ഭൂപ്രകൃതിയും വന്യജീവികളുടെ ആക്രമണം, രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും,ഗതാഗത സൗകര്യങ്ങളുടെ അഭാവം, സാമ്പത്തിക ഞെരുക്കം തുടങ്ങി നിരവധി വിഷയങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.
സംഘടിത കുടിയേറ്റത്തിനൊപ്പം അസംഘടിത കുടിയേറ്റം എവിടെയും ചർച്ചയായി വന്നിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
കുടിയേറ്റത്തിന്റെ ആകെ തുക കാർഷിക സംസ്കാരം
മലബാർ കുടിയേറ്റത്തിന്റെ ആകെ തുകയാണ് കാർഷിക സംസ്കാരമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. അതിലൂടെ വന്ന മാറ്റങ്ങളാണ് ഇന്നത്തെ കേരളം. കർഷകരെല്ലാം ഉത്പാദകരാണ്. എന്നാൽ, ഇന്നത്തെ പൊതുസമൂഹം ഉപഭോക്താക്കളാണ്. തേങ്ങയ്ക്ക് വില കിട്ടുമ്പോൾ സന്തോഷിക്കുന്ന കർഷകന്റെ കൂടെ നാം നിൽക്കുന്നില്ല.
മറിച്ച് പ്രതിഷേധിക്കുന്ന ഉപഭോക്താവിന്റെ ഭാഗത്തുനിന്നാണ് നാം ചിന്തിക്കുന്നത്. മണ്ണിൽ സ്വർണം വിളയിക്കാനെത്തി ഉത്പാദകരായി മാറിയതാണ് യഥാർഥ മലബാർ കുടിയേറ്റം. വനം വന്യജീവികൾക്കുള്ളതാണെങ്കിൽ അതിന് സാഹചര്യം ഒരുക്കേണ്ടത് സർക്കാരാണ്.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ അതുല്യം
കാർഷിക മേഖലയോടൊപ്പം വിദ്യാഭ്യാസ മേഖലയിലും കുടിയേറ്റക്കാരുടെ സംഭാവന നിസ്തുലമാണ്. മലബാറിലേക്ക് കുടിയേറി വന്നപ്പോൾ യാതൊരു വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ, ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ കുടിയേറ്റക്കാർ സ്കൂളുകൾ സ്ഥാപിച്ചു. മാസക്കൂട്ടം, ഉത്പന്ന പിരിവ്, ചിട്ടി, പിടിയരി, വീതപ്പിരിവ് എന്നിവ വഴി സ്കൂളുകൾ പണിയുന്നതിനുള്ള പണം സന്പാദിച്ചു.
കൃഷി ചെയ്തു കിട്ടുന്ന വരുമാനവും സ്കൂളുകൾക്കായി വിനിയോഗിച്ചു. സ്കൂളില്ലെങ്കിലും എല്ലാ പള്ളികളും കേന്ദ്രീകരിച്ച് സ്കൂൾ കമ്മിറ്റികളും ഉണ്ടായിരുന്നു. ആദിവാസികളെ ഒരിക്കലും കുടിയേറ്റക്കാർ ചൂഷണം ചെയ്തിരുന്നില്ല. കുടിയേറ്റക്കാർ സ്ഥാപിച്ച സ്കൂളുകളിൽ ആദിവാസികൾക്ക് പ്രവേശനം ഉണ്ടായിരുന്നു. മലബാർ മേഖലയിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടക്കമിട്ടത് കുടിയേറ്റക്കാരായിരുന്നു.
കൃഷിയിൽ നിന്നുള്ള പിന്മാറ്റം പ്രതിസന്ധി സൃഷ്ടിക്കും
തലമുറകളുടെ അഭിലാഷങ്ങളിൽ ഉണ്ടായ മാറ്റങ്ങളാണ് കുടിയേറ്റ ജനത ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധി. കാർഷികവൃത്തിയെ അവജ്ഞയോടെ കാണുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വനാതിർത്തി വ്യാപന നിയമം, പരിസ്ഥിതി ദുർബലനിയമം, വന്യമൃഗശല്യം തുടങ്ങിയവ കർഷകർക്ക് നിസാര പ്രശ്നങ്ങളല്ല. ഗുരുതരമായ പ്രശ്നങ്ങളാണ്.
ഉത്തരവാദിത്വപ്പെട്ടവർ ഇത് കണക്കിലെടുക്കുന്നില്ല. വികസനപദ്ധതികൾ എന്തുവന്നാലും അത് ബാധിക്കുന്നത് കർഷകരെയാണ്. കുടിയിറക്കമല്ല, പുതിയ തലമുറയുടെ കൃഷിയിൽ നിന്നുള്ള വഴിമാറ്റമാണ് സമകാലിക പ്രതിസന്ധി. ജനസംഖ്യയുടെ കുറവും വലിയൊരു പ്രതിസന്ധിയാണ്.
കുടിയേറ്റക്കാർ യഥാർഥ കർഷകർ
മലബാറിലെ കുടിയേറ്റക്കാരെല്ലാം കാട് നശിപ്പിച്ച പരിസ്ഥിതി നാശകരാണെന്ന അടിസ്ഥാനരഹിതമായ വാദം ചരിത്രകാലം മുതലേ കേൾക്കുന്നതാണ്. കുടിയേറ്റക്കാർ കൃഷി ചെയ്യാൻ വന്നവരാണ്. കൃഷിയിലൂടെ പട്ടിണി മാറ്റുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. യഥാർഥത്തിൽ മലബാറിൽ കാടിന്റെ പച്ചപ്പ് ഇല്ലാതാക്കിയത് കുടിയേറ്റക്കാരല്ല.
നാട് അടക്കിവാണവരും കാട് ഭരിച്ചവരുമാണ് കാസർഗോട്ടും ആറളത്തുമടക്കം വികസനത്തിന്റെ പേരിൽ മരങ്ങൾ വെട്ടി വിറ്റത്. കൂപ്പ് ലേലം കഴിഞ്ഞ് അടിക്കാടുകൾ മാത്രമുള്ള ഭൂമിയാണ് കുടിയേറ്റക്കാർക്ക് ലഭിച്ചത്. കാലഘട്ടത്തെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പിൻവാതിൽ കുടിയേറ്റമാണ് അന്ന് നടത്തിയത്. ഗാഡ്ഗിൽ അടക്കമുള്ള കമ്മിറ്റികൾ ഇന്നും കുടിയേറ്റ കർഷകരുടെ കൃഷിരീതികൾ പഠനവിധേയമാക്കിയിട്ടില്ല.