പാളയാട് പാലം പ്രവൃത്തി പുനരാരംഭിച്ചു
1581368
Tuesday, August 5, 2025 1:52 AM IST
തളിപ്പറമ്പ്: പ്രതിഷേധങ്ങൾക്കൊടുവിൽ പാളയാട് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിച്ചു. പഴയ പാലം പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് കാരണം നാട്ടുകാരുടെ യാത്രാ ദുരിതം വർധിച്ചതാണ് പ്രധിഷേധങ്ങൾക്കിടയാക്കുന്നത്. തളിപ്പറമ്പിൽ നിന്ന് മാന്ധംകുണ്ടി ലേക്കുള്ള പ്രധാന റോഡിൽ പാളയാട് തോടിന് കുറുകെയുള്ള പാലം പൊളിച്ച് പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി.
ഇരുഭാഗത്തും തൂണുകൾക്ക് പകരമായി കോൺക്രീറ്റ് ഭിത്തി നിർമാണം പൂർത്തിയായിരുന്നു. ആദ്യം ഇതുവഴി കടന്നുപോകുന്ന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാത്തത് കാരണം പ്രവൃത്തി തുടങ്ങാൻ തന്നെ വൈകിയിരുന്നു. ഒടുവിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് മാർച്ചും നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് വാട്ടർ അഥോറിറ്റി അധികൃതർ പൈപ്പ് മാറ്റി സ്ഥാപിച്ചത്.
എം.വി. ഗോവിന്ദൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് പഴയ പാലം പൊളിച്ച് പുതിയത് പണിയാൻ തീരുമാനിച്ചത്. പിന്നീട് മഴയുടെ പേരിലും പ്രവൃത്തി നിലച്ച സ്ഥിതിയായിരുന്നു. തോട്ടിൽ ശക്തമായ ഒഴുക്കും കാരണമായി പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ കരാറുകാരൻ വീണ്ടും നിർമാണ സാമഗ്രികൾ ഇറക്കുകയും പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.