തലശേരിയിൽ ബസ് സർവീസ് സാധാരണ നിലയിൽ; സമരാഹ്വാനം നടത്തിയ വാട്ട്സാപ് ഗ്രൂപ്പിനെതിരേ കേസ്
1581123
Monday, August 4, 2025 2:14 AM IST
തലശേരി: ബസ് കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് നാലുനാൾ ജനങ്ങളെ ദുരിതത്തിലാക്കിയ ബസ് സമരത്തിന് വിരാമം. ജനരോഷം ശക്തമായതോടെ ഇന്നലെ ബസ് തൊഴിലാളികൾ സമരം പിൻവലിച്ച് സർവീസ് നടത്തി. പണിമുടക്കിയ ബസുകൾക്കതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയും പോലീസ് കർശന നടപടികളിലേക്ക് നീങ്ങിയതുമാണ് ഇന്നലെ ബസ് സർവീസ് ആരംഭിക്കാൻ പ്രേരിപ്പിച്ചത്.
ട്രേഡ് യൂണിയനുകളും ബസുടമ സംഘടനകളും സമരത്തെ തള്ളിപറഞ്ഞിരുന്നു. സമരം പിൻവലിച്ചശേഷവും സർവീസ് നടത്താത്ത ബസുകളുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. എഎസ്പി പിബി കിരൺ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സർവീസ് നടത്താത്ത ബസുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് എഎസ്പി ഉറപ്പുനൽകി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ബ്ലോക്ക് സെക്രട്ടറി പി. സനീഷ്, പി.വി. സച്ചിൻ, മുഹമ്മദ് ഫാസിൽ, ഫിദ പ്രദീപ്, കെ. മർഫാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ ആദ്യ രണ്ടുദിവസം പണിമുടക്കിയത് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിലിടക്കുകയും ചെയ്തിരുന്നു. ഇതോടെ ട്രേഡ് യൂണിയനുകൾ സമരത്തിൽ നിന്നും പിൻമാറിയെങ്കിലും ഒരു വിഭാഗം തൊഴിലാളികൾ നവമാധ്യമത്തിലൂടെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്തതാണ് സമരം നീണ്ടു പോകാൻ ഇടയാക്കിയത്.
കെഎൽ-58 പാനൂർ റൈഡർ വാട്സാപ് ഗ്രൂപ്പിലൂടെയായിരുന്നു സമരാഹ്വാനം. ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അഡ്മിൻ അടക്കമുള്ളവർക്കെതിരെയാണ് കേസ്. കലാപശ്രമം, ഗൂഡാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി. സനീഷിന്റെ പരാതിയിലാണ് നടപടി. മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പോലീസ് സൈബർ സെല്ലിൽ പരിശോധനക്ക് അയച്ചു.
സമരം തുടരാൻ ആഹ്വാന ചെയ്ത വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരിൽ മൂന്നുപേർ പ്രവാസികളാണ്. രണ്ടുപേർ ബസ് തൊഴിലാളികളും രണ്ടുപേർ ഓട്ടോ തൊഴിലാളികളുമാണ്. ഇതിനിടെ, മദ്യപിച്ച് ബസ്സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയ സമരാനുകൂലികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.