വിട പറഞ്ഞത് കണ്ണൂരിന്റെ അത്യപൂർവ മനുഷ്യസ്നേഹി ; "രണ്ടു രൂപ ഡോക്ടർ'
1581126
Monday, August 4, 2025 2:14 AM IST
കണ്ണൂർ: മനുഷ്യസ്നേഹിയായ ആതുരസേവനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഡോക്ടർ ഗോപാലൻ നമ്പ്യാർ തന്റെ മക്കൾ ഡോക്ടർമാർ ആയപ്പോൾ അവർക്ക് കൃത്യമായ ഉപദേശം കൊടുത്തു. എങ്ങനെയായിരിക്കണം ഒരു ഡോക്ടർ സമൂഹത്തിലെ രോഗികളോട് പെരുമാറേണ്ടത് എന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു പിന്നീട് അവരുടെ ഭിഷഗ്വര ജീവിതം.
പണം ഉണ്ടാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് നിങ്ങൾ ഡോക്ടർ ആകുന്നതെങ്കിൽ ഇന്നുതന്നെ ഈ പണി ഉപേക്ഷിച്ച് വല്ല ബാങ്ക് കൊള്ളക്കും പൊയ്ക്കോളൂവെന്നാണ് ആ മനുഷ്യസ്നേഹി മക്കളോട് പറഞ്ഞത്. ആ അച്ഛന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ജീവിതം സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി ചെലവഴിച്ച മഹനീയ വ്യക്തിത്വത്തിന്റെ നേർരൂപമായിരുന്നു അന്തരിച്ച ഡോക്ടർ രൈരു ഗോപാൽ.
ഏറെക്കാലം രണ്ടുരൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. " രണ്ടു രൂപ ഡോക്ടര്‍ ' എന്ന വിളിപ്പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. മരുന്നും പരിശോധനയുമടക്കം നാല്‍പ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. പിന്നീട് ഫീസ് 10 രൂപയാക്കി. നിര്ധനരോഗികളില്നിന്ന് ഈ തുച്ഛമായ ഫീസ് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല. മാത്രമല്ല, ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിനു ശേഷവും രോഗം മാറിയില്ലെങ്കില്‍,വീണ്ടുമെത്തുന്ന
രോഗികളില്‍നിന്ന് ഫീസ് ഈടാക്കില്ലെന്നു മാത്രമല്ല, മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നു മാത്രമല്ല, അയല്‍ ജില്ലകളില്‍നിന്നു പോലും ഡോക്ടറെ കാണാന്‍ ആളുകളെത്തിയിരുന്നു.
രോഗികളുടെ സമയം വില
പ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലര്‍ച്ചയായിരുന്നു പരിശോധന. ചെറുപ്പത്തിൽ പുലര്‍ച്ചെ മൂന്നുമുതല്‍ ഡോക്ടര്‍ പരിശോധന തുടങ്ങിയിരുന്നു. അന്നൊക്കെ മുന്നൂറിലേറെ രോഗികളുണ്ടാകും. പിന്നീട്, പരിശോധന പുലർച്ചെ ആറുമുതലാക്കി. പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഡോക്ടറുടെ ഒരുദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല് കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാ മുറിയിലേക്ക്. അഞ്ചരമുതല്‍ പത്രം വായനയും പാല് വിതരണവും. തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. ഇവിടെ രാവിലെ ആറുമുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും.
പിന്നീട്, താണ മാണിക്കക്കാവിനടുത്ത് " ലക്ഷ്മി' വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. പരിശോധിക്കാന്‍ വയ്യാതായതോടെ പരിശോധന നിർത്തിയതും വാർത്തയായിരുന്നു. 18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ ജോലിയിൽനിന്ന് വിരമിച്ചത്. എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല.
അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്. 2024 മേയ് എട്ടിനായിരുന്നു ഇത്. ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ചതും ചർച്ചയായിരുന്നു.