കൊടുവള്ളി മേൽപ്പാലം 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
1581381
Tuesday, August 5, 2025 1:52 AM IST
കണ്ണൂർ: തലശേരിയെയും ധർമടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം നിർമാണം പൂർത്തിയായി. മേൽപ്പാലം 12 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും.
കണ്ണൂരിൽനിന്ന് തലശേരി ഭാഗത്തേക്ക് വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകുകയാണ്. കിഫ്ബി സഹായത്തോടെ നിർമിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിലൊന്നാണ് കൊടുവള്ളിയിലേത്. മേൽപ്പാലത്തിന്റെ നിർമാണം ആർബിഡിസികെ മുഖേനയാണ് സർക്കാർ നടപ്പിലാക്കുന്നത്.
314 മീറ്റർ നീളത്തിൽ രണ്ടുവരി പാതയും നടപ്പാതയും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാല ത്തിന്റെ നിർമാണം. 7.5 മീറ്ററാണ് കാര്യേജ് വേ. മേൽപ്പാലത്തിന് പുറമെ ഇതിന്റെ സമീപത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നല്കുന്നതിനായി ദേശീയപാതയുടെ വശത്ത് നാല് മീറ്റർ വീതിയിൽ ഡ്രെയിനേജോടുകൂടിയ 210 മീറ്റർ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. 27 ഭൂവുടമകളിൽ നിന്നായി 123.6 സെന്റ് സ്ഥലമാണ് മേൽപ്പാലം നിർമാണത്തിനായി ഏറ്റെടുത്തത്. പദ്ധതിയുടെ മൊത്തം ചെലവ് 36.37 കോടി രൂപയാണ്.