ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
1581382
Tuesday, August 5, 2025 1:52 AM IST
തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. മാതമംഗലത്തെ ഓട്ടോ ഡ്രൈവറായ കാനായി സ്വദേശി അനീഷ് (40) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇന്നലെ മാതമംഗലത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
അനീഷ് പെൺകുട്ടിയുടെ അമ്മയുമായി സോഷ്യൽമീഡിയ വഴി നേരത്തെ പരിചയത്തിലായിരുന്നുവെന്ന് പറയുന്നു. ഒരു ദിവസം അനീഷും പെൺകുട്ടിയുടെ അമ്മയായ യുവതിയും മൂന്നു മക്കൾക്കൊപ്പം പറശിനിക്കടവിൽ എത്തിയതായിരുന്നു. പ്ലസ്ടു വിദ്യാർഥിനി, ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ഇളയകുട്ടി എന്നിവർക്കൊപ്പം എത്തിയ യുവതി അനീഷിനൊപ്പം പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു.
പിറ്റേന്ന് പുലർച്ചെ രണ്ടോടെ ഒമ്പതാം ക്ലാസുകാരിയായ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇതു മൂത്തകുട്ടി കാണുകയും അമ്മയോട് വിവരം പറയുകയും ചെയ്തു. എന്നാൽ കുട്ടിയുടെ ഭാവിയും കുടുംബത്തിന്റെ മാനക്കേടുമോർത്ത് അമ്മ വിവരം മൂടിവയ്ക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരി പിന്നീട് സ്കൂളിലെ അധ്യാപികയോട് സംഭവം പറയുകയും കൗൺസിലിംഗിനു ശേഷം ചൈൽഡ്ലൈൻ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ചൈൽഡ് ലൈൻ അധികൃതർ നല്കിയ പരാതിയിലാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. എന്നാൽ സംഭവം തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ ബാബുമോൻ, എസ്ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടുന്നത്.