ഒരു കുട്ടിയുടെ കുറവിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു
1581378
Tuesday, August 5, 2025 1:52 AM IST
ഇരിട്ടി: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുട്ടിയുടെ കുറവിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു. കായികാധ്യാപക തസ്തിക ഉൾപ്പെടെ രണ്ടു തസ്തികയാണ് ഇല്ലാതായത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പൂർണമായും ഹയർസെക്കൻഡറി വിഭാഗത്തിൽ 70 ശതമാനവും പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. കായികാധ്യാപകന്റെ തസ്തിക നഷ്ടപ്പെട്ടാൽ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കൾ. കായിക പരിശീലനമുള്ളതുകൊണ്ടാണ് പകുതിയിലധികം വിദ്യാർഥികളും സ്കൂളിലെത്തുന്നത്.
അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന നൽകി ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക തസ്തിക നിലനിർത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എട്ട്, ഒന്പത് ക്ലാസുകളിൽ അഞ്ച് ഡിവിഷനുകളാണ് കായിക അധ്യാപകർക്ക് വേണ്ടത്. ഇതിൽ ഒരു കുട്ടിയുടെ കുറവ് വന്നതോടെയാണ് ഡിവിഷൻ ഇല്ലാതാകുന്നത്.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 503 പട്ടികവർഗ വിദ്യാർഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 200 കുട്ടികളിൽ 70 ശതമാനവും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. എട്ട്, ഒന്പത് ക്ലാസുകളിൽ കായികപരിശീലനത്തിന് പാഠപുസ്തകം നിലവിലുണ്ട്. കായികാധ്യാപക തസ്തിക ഇല്ലാതാകുന്നതോടെ ഈ പാഠപുസ്തകം ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
ഡിവിഷൻ നഷ്ടപ്പെട്ടതോടെ ഫിസിക്കൽ സയൻസ് അധ്യാപിക മറ്റൊരു സ്കൂളിലേക്ക് പോകുകയാണെങ്കിൽ സ്കൂളിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. ദേശീയതലത്തിൽ വരെ വിവിധ കായികയിനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്.