"ഞങ്ങൾക്ക് നീതി വാങ്ങിത്തരണം സർ' രാജ്മോഹൻ ഉണ്ണിത്താനു മുന്നിൽ വിങ്ങിപ്പൊട്ടി റീമയുടെ അമ്മ
1580996
Sunday, August 3, 2025 7:58 AM IST
പഴയങ്ങാടി: "ഞങ്ങളുടെ മകളും പേരക്കുട്ടിയും പോയി, ഞങ്ങൾക്ക് നീതി വാങ്ങിത്തരണം സർ' ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത റീമയുടെ അമ്മ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ടു. റീമയുടെ വീട് സന്ദർശിച്ചപ്പോഴാണ് തങ്ങൾക്ക് പോലീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത്. റീമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് കൂടെ നിന്ന് പോരാടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മന്ദി പവിത്രൻ, യുഡിഎഫ് കല്യാശേരി നിയോജക മണ്ഡലം ചെയർമാൻ എൻ.ജി. സുനിൽ പ്രകാശ്, കൺവിനർ എസ്.കെ.പി. സക്കറിയ, ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, ബ്ലോക്ക് പ്രസിഡന്റ് വി. രാജൻ, ബി.പി. ഗോകുലൻ, യു. കരുണാകരൻ എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഭരണകൂട അലംഭാവം: രാജ്മോഹൻ ഉണ്ണിത്താൻ
കുഞ്ഞുമായി പുഴയിൽചാടി റീമ എന്ന യുവതി ആത്മഹത്യചെയ്തിട്ട് രണ്ടാഴ്ചയായിട്ടും ഭർത്താവ് കമൽജിത്തിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി സ്ത്രീ സുരക്ഷയോട് ഭരണകൂടം കാണിക്കുന്ന അലംഭാവമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
റീമയുടെയും കുഞ്ഞിന്റെയും മരണത്തിനുത്തവാദികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു.