വിദേശനാണ്യ വിനിമയ ചട്ടലംഘനം: കുണിയ കോളജിനെതിരെ ഇഡി അന്വേഷണം
1581129
Monday, August 4, 2025 2:14 AM IST
കാസര്‍ഗോഡ്: രാജ്യത്തിന്റെ വിദേശനാണ്യ, വിദേശ സംഭാവന നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കുണിയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ നടത്തിപ്പുകാരായ കുഞ്ഞഹമ്മദ് മുസ്ലിയാര് മെമ്മോറിയല്‍ ട്രസ്റ്റിനിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
ട്രസ്റ്റിന് യുഎഇ ആസ്ഥാനമായുള്ള വ്യവസായി ഇബ്രാഹിം അഹമ്മദ് അലിയില്‍നിന്നു 2021 മുതല്‍ 220 കോടി രൂപ ലഭിച്ചതായി ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രസ്റ്റ് 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്സിആര്‍എ) രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൂടാതെ വിദേശത്തുനിന്നു ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയോ എഫ്സിആര്‍എ ബാങ്ക് അക്കൗണ്ട് എടുക്കുകയോ ചെയ്തിട്ടില്ല.
ട്രസ്റ്റ് പൊതുജനസംഭാവനകള് അഭ്യര്ഥിച്ചിട്ടില്ലാത്തതിനാല് എഫ്സിആര്‍എ രജിസ്ട്രേഷന് ആവശ്യമില്ലെന്ന് ഒരു ട്രസ്റ്റ് ഡയറക്ടര്‍ പറഞ്ഞു. തന്റെ ജന്മനാട്ടില് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാന്‍ സഹായിക്കുന്നതിനായി ഇബ്രാഹിം അഹമ്മദ് അലിയുടെ സ്വകാര്യസ്വത്തില്നിന്നാണ് പണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ അവകാശവാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഇഡി വാദിക്കുന്നു.
ജൂലൈ 31ന് ഏജന്‍സിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രണ്ടു സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ട്രസ്റ്റിന് 220 കോടി രൂപ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പറയുന്നു. ഫണ്ടുകള്‍ അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും വായ്പാ കരാറുകളോ പലിശ നിബന്ധനകളോ തിരിച്ചടവ് ഷെഡ്യൂളുകളോ ഉണ്ടായിരുന്നില്ല. ഇതുവരെ തിരിച്ചടവുകള്‍ നടത്തിയിട്ടില്ല.
ഇബ്രാഹിം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തന്റെ സ്ഥാപനമായ യൂണിവേഴ്സല്‍ ലൂബ്രിക്കന്റ്സ് എല്എല്സിയില്നിന്ന് പണം കൈമാറിയതായും ഇഡി ചൂണ്ടിക്കാട്ടി. കുണിയ സ്വദേശി ഇബ്രാഹിം ഗള്‍ഫിലെ പെട്രോളിയം, ലൂബ്രിക്കന്റ് മേഖലയില്‍ വിജയകരമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കുഞ്ഞഹമ്മദ് മുസ്ലിയാര് മെമ്മോറിയല്‍ ട്രസ്റ്റ് സ്ഥാപിക്കുകയും 2023 ല്‍ തന്റെ ജന്മനാട്ടില് 100 ഏക്കര്‍ കാമ്പസില്‍ കുണിയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ആരംഭിക്കുകയും ചെയ്തു.
ജീവകാരുണ്യ ഉദ്ദേശ്യം ഉണ്ടായിരുന്നിട്ടും ധനസഹായം നല്കുന്ന രീതി 1999 ലെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റിലെേ (ഫെമ) പ്രധാന വ്യവസ്ഥകളെ ലംഘിക്കുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശ ഫണ്ടിന്റെ ഒരു ഭാഗം ഇന്ത്യയില്‍ കൃഷിഭൂമി വാങ്ങാന്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ഇതു നിലവിലുള്ള ഫെമ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നീക്കമാണെന്ന് ഇഡി പറഞ്ഞു. ഇബ്രാഹിമില്‍നിന്നു ട്രസ്റ്റിന് 2.49 കോടി രൂപ പണമായി ലഭിച്ചതായും ഏജന്‍സി കണ്ടെത്തി. ഇതു ഫെമ വ്യവസ്ഥകളെ കൂടുതല്‍ ലംഘിക്കുന്നുണ്ടെന്നും ഏജന്‍സി പറയുന്നു.
എഫ്സിആര്‍എയുടെ സെക്ഷന്‍ 2(1)(എച്ച്) പ്രകാരം പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ സ്രോതസില്‍ നിന്നുള്ള ഏതൊരു സംഭാവനയും കൈമാറ്റവും കറന്‍സി ഡെലിവറിയും വിദേശ സംഭാവനയായി കണക്കാക്കുന്നു. നിയമത്തിലെ സെക്ഷന്‍ 11 അനുസരിച്ച്, വിദ്യാഭ്യാസ, സാംസ്കാരിക, മത, സാമൂഹിക അല്ലെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു സ്ഥാപനവും വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് മുമ്പ് എഫ്സിആര്‍എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയോ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് മുന്‍കൂര്‍ അനുതി നേടുകയോ വേണം. ട്രസ്റ്റ് രണ്ടും ചെയ്തില്ല. ഫലത്തില്‍ 220 കോടി രൂപയുടെ മുഴുവന്‍ വരവും ഇതോടെ നിയമവിരുദ്ധമായെന്ന് ഇഡി പറഞ്ഞു.