സർക്കാരുകൾ ജനങ്ങളുടെ കോടതിയിലെ പ്രതിക്കൂട്ടിൽ: സണ്ണി ജോസഫ്
1580989
Sunday, August 3, 2025 7:58 AM IST
ഉദയഗിരി: കെട്ടിച്ചമച്ച കേസിലൂടെ കന്യാസ്ത്രീകളെ ജയിലിലാക്കിയതിലൂടെ സർക്കാരുകൾ ജനങ്ങളുടെ കോടതിയിലെ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
നിയമവാഴ്ചയ്ക്ക് എന്തെങ്കിലും വില സർക്കാർ കൽപ്പിക്കുന്നുണ്ടെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് ആൾക്കൂട്ട വിചാരണ നടത്തിയ ബജരംഗ്ദൾ പ്രവർത്തകയായ വനിതയെയായിരുന്നുവെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കന്യാസ്ത്രീകളെ മനപൂർവം കെട്ടിച്ചമച്ച കേസിലാണ് ജയിലിലാക്കിയതെന്നം അദ്ദേഹം പറഞ്ഞു.
സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് ഭരണ സ്വാധിനത്തിൽ നിരപരാധികളെ പീഡിപ്പിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവല്ല. ബന്ധപ്പെട്ട അധികൃതർ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, ജോഷി കണ്ടത്തിൽ, ബേബി ഓടംപള്ളിൽ, സുദീപ് ജയിംസ്, ബെന്നി തോമസ്, ജോയിച്ചൻ പള്ളിയാലിൽ, ജോസ് പറയൻകുഴി, രജിത്ത് നാറാത്ത് എന്നിവരും കെപിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.