കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു
1580990
Sunday, August 3, 2025 7:58 AM IST
ശ്രീകണ്ഠപുരം: ഭരണകൂട ഭീകരതയുടെ ഇരകളായ കന്യാസ്ത്രീകൾക്ക് വൈകിയാണെങ്കിലും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സജീവ് ജോസഫ് എംഎൽഎ. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് പയ്യാവൂരിൽ നടത്തിയ ആഹ്ലാദ കൂട്ടായ്മ ഉദ്ഘാടന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ കന്യാസ്ത്രീകളെക്കെതിരെയുള്ള അന്യായമായ കള്ളക്കേസ് റദ്ദാക്കാതെ നീതി പൂർണമാകില്ല. കേസ് റദ്ദാക്കി കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കണം. മതപരിവർത്തനമോ മനുഷ്യകടത്തോ നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്നതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം ഇഷ്ടത്തോടെയും മാതാപിതാക്കളുടെ സമ്മതത്തോടെയും ക്രൈസ്തവർ തന്നെയായ യുവതികൾ കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് വേണ്ടി പോയതാണ് യാഥാർഥ്യം എന്നിരിക്കെ ഈ വകുപ്പുകൾ ചുമത്തിയുള്ള ആരോപണം തികച്ചും ദുഷ്ടലാക്കോടയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി ഒരാഴ്ചയിലധികം ജയിലിൽ ഇട്ടശേഷം ജാമ്യാപേക്ഷ പോലും എതിർത്തവർ, കോടതി ജാമ്യം അനുവദിച്ചപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് രംഗത്തിറങ്ങിയത് തീർത്തും അപഹാസ്യമാണ്.
ഛത്തീസ്ഗഡിൽ ദിവസങ്ങളോളം കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം ജാമ്യ അപേക്ഷക്ക് വേണ്ടിയുളള ശ്രമങ്ങളിൽ നേരിട്ട് പങ്കാളിയാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ജോബിൻ വലിയപറന്പിൽ, ഫാ. വിപിൻ അഞ്ചെന്പിൽ, ഫാ. ജോസഫ് ചാത്തനാട്, പി.ടി. മാത്യു, തോമസ് വെക്കത്താനം, തോമസ് വർഗീസ്, ജോർജ് തയ്യിൽ, ജോസ് ലൂക്കോസ് എന്നിവർ പങ്കെടുത്തു.