ഭിന്നശേഷി ജീവനക്കാരുടെ സുപ്രീം കോടതി വിധികൾ ഉടൻ നടപ്പിലാക്കണം: ഡിഎഇഎ
1581132
Monday, August 4, 2025 2:14 AM IST
കണ്ണൂർ: സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിച്ചു മറ്റ് സ്ഥിര ജീവനക്കാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സർവീസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയും, പ്രമോഷൻ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും മുഴുവൻ സർക്കാർ ഭിന്നശേഷി ജീവനക്കാർക്കും പ്രയോജനം കിട്ടുന്ന രീതിയിൽ പുറപ്പെടുവിക്കണമെന്നും ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ) സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡിഎഇഎ ജില്ലാ പ്രവർത്തക യോഗം കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പി. മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. കെ. കിഷോർ, പി.പി. തനൂജ, ഇ. സരിത, വി.വി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംഘടന ഉന്നയിച്ചിട്ടുള്ള വിഷയങ്ങളിൽ സർക്കാർ ഉടനടി തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ഗവർണർ, പ്രതിപക്ഷ നേതാവ്, വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, നിയമ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് സംസ്ഥാന സമിതി നിവേദനം നൽകിയതായും കെ.എൻ. ആനന്ദ് നാറാത്ത് അറിയിച്ചു.