കേളകത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
1581375
Tuesday, August 5, 2025 1:52 AM IST
കേളകം: ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗശല്യം മുൻനിർത്തി മനുഷ്യാവകാശ പ്രവർത്തകനായ പോൾ മാത്യൂസ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയുടെ ഭാഗമാകുന്നതിനായി കേളകം പഞ്ചായത്തിൽ ജനകീയ ടാസ്ക് ഫോഴ്സ് കമ്മിറ്റി രൂപവത്കരിച്ചു. ഹൈക്കോടതി മാനദണ്ഡപ്രകാരമുള്ള അഞ്ചംഗ കമ്മിറ്റിയാണു രൂപവത്കരിച്ചത്.
ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുതന്നെ വന്യമൃഗശല്യത്തിൽ പ്രതിവിധികൾ ഉണ്ടാകണമെന്നതും ഇതിനായി പ്രദേശവാസികളുടെ ടാസ്ക് ഫോഴ്സ് കമ്മിറ്റികൾ രൂപവത്കരിക്കണമെന്നതും കേരള ഹൈക്കോടതിയുടെ നിർദേശമായിരുന്നു.ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ശല്യം മുൻനിർത്തിയാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എല്ലാ ബുധനാഴ്ചയും പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുന്നത്.
ആറളം പുനരധിവാസ മേഖലയോടൊപ്പം നിലവിൽ വന്യമൃഗശല്യ പ്രശ്നങ്ങൾ നേരിടുന്ന മറ്റു സമീപ പ്രദേശങ്ങളുടെയും വിഷയങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് ഹർജിക്കാരനായ പോൾ മാത്യൂസ് പറഞ്ഞു. എം.ജെ. റോബിൻ, ടോമി ചാത്തൻപാറ, മാത്യു തൈവേലിക്കകത്ത്, പ്രവീൺ താഴത്തെ മുറി, ടോമി കാലായിൽ എന്നിവരാണു ടാസ്ക് ഫോഴ്സ് കമ്മിറ്റി അംഗങ്ങൾ.