പെരുന്പടവിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1581365
Tuesday, August 5, 2025 1:52 AM IST
പെരുമ്പടവ്: പെരുന്പടവ് ടൗണിലെ അനധികൃത പാർക്കിംഗും നിയമം കാറ്റിൽ പറത്തിയുള്ള ടിപ്പറുകളുടെ സർവീസും അപകട ഭീഷണിക്കൊപ്പം ഗതാഗതകുരുക്കിനും ഇടയാക്കുന്നു. ടൗണിലെത്തുന്ന പലരും മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യമുണ്ടെന്ന കാര്യം പരിഗണിക്കാതെ തോന്നിയതു പോലെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
കൂടാതെ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വിടുന്ന സമയത്തും ടിപ്പറുകൾ സർവീസ് നടത്തരുതെന്ന നിയമവും പാലിക്കുന്നില്ല. വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിൽ പോലും അലക്ഷ്യമായുള്ള പാർക്കിംഗ് പതിവാണ്. ഇതു കാരണം റോഡിലുടെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുവാനോ എതിരേ വരുന്ന വാഹനത്തിന് കടന്നു പോകാനോ കഴിയാത്ത അവസ്ഥയുണ്ട്.
എട്ടു മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡരികിലെ ഓവുചാലുകൾ സ്ലാബിട്ട് മൂടിയിട്ടുമില്ല. ടൗണിനോട് ചേർന്ന് ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും ബസുകൾ പലതും ടൗണിലാണ് നിർത്തിയിടുന്നത്.
ഇതുകാരണം മഴയത്ത് ബസ്കയറാൻ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ കടവരാന്തയിൽ കാത്തു നിൽക്കേണ്ടിയും വരുന്നുണ്ട്. റോഡിനോട് ചേർന്നുള്ള സ്കൂളുകളിൽ കെ.ജി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിലായി ആയിരത്തിലധികം കുട്ടികളുണ്ട്. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികൾ വാഹനങ്ങൾക്കിടയിലൂടെയാണ് നടന്നു പോകുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
സെന്റ് ജോസഫ് പള്ളി, വിവിധ ബാങ്കുകൾ ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും റോഡിന്റെ വശങ്ങളിലായുണ്ട്. നേരത്തെ ടൗണിൽ ഹോം ഗാർഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നപ്പോൾ അനധികൃത പാർക്കിംഗ് തടയാൻ കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂട്ടിക്ക് ആരെയും നിയോഗിക്കാഞ്ഞതോടെ തോന്നിയ പോലെയുള്ള പാർക്കിംഗും തിരിച്ചെത്തുകയായിരുന്നു.
പോലീസടക്കമുള്ളവരുടെ മുന്നിൽ ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡിന് ഇരുവശങ്ങളിലെയും ഓടകൾ സ്ലാബിട്ട് മൂടി നടപ്പാതയാക്കണമെന്ന് ഗ്രാമസഭയിൽ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.