സി. സദാനന്ദൻ വധശ്രമക്കേസ് : പ്രതികൾക്ക് വീണ്ടും ജയിൽ
1581377
Tuesday, August 5, 2025 1:52 AM IST
മട്ടന്നൂർ/തലശേരി/ കണ്ണൂർ: രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദനെ കാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 30 വർഷത്തിനു ശേഷം പ്രതികൾ വീണ്ടും ജയിലിലേക്ക്. നേരത്തെ തലശേരി കോടതി ഏഴു വർഷത്തെ കഠിന തടവിന് വിധിച്ച പ്രതികൾ ആറുമാസത്തെ തടവിനു ശേഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകിയതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയിരുന്നു. ഹൈക്കോടതി അപ്പീൽ തള്ളിയിതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയതോടെ പ്രതികൾ തലശേരി കോടതിയിൽ കീഴടങ്ങുകയും കോടതി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയുമായിരുന്നു.
പ്രതികൾ കോടതിയിൽ കീഴടങ്ങാൻ പോകുന്നതിന് മുന്‍പായി മട്ടന്നൂർ ഉരുവച്ചാലിൽ പാർട്ടി ഓഫീസിൽ കെ.കെ. ശൈലജ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ യാത്രയയപ്പും നൽകി. മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ നേതാക്കളും പ്രവർത്തകരും കോടതിയിലേക്ക് യാത്രയയച്ചത്. യാത്രയയപ്പ് പരിപാടിയുടെ റീൽസുകളും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
സിപിഎം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ ഉരുവച്ചാൽ സ്വദേശി പി.സുരേഷ്ബാബു, പെരിഞ്ചേരിയിലെ പി.എം. രാജൻ, മുൻ ലോക്കൽ സെക്രട്ടറിയും റിട്ട. അധ്യാപകനുമായ പി. കുഞ്ഞിക്കൃഷ്ണൻ, റിട്ട.അധ്യാപകൻ സി.രവീന്ദ്രൻ, മുൻ ചുമട്ടു തൊഴിലാളി സി.രാമചന്ദ്രൻ, കഴിക്കലിലെ കെ. ബാലകൃഷ്ണൻ, എം. നാണു, കെ.ശ്രീധരൻ എന്നിവരാണ് ഇന്നലെ തലശേരി കോടതിയിൽ കീഴടങ്ങിയത്. 12 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ നാലു പേരെ വെറുതെ വിട്ടിരുന്നു.
1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സി. സദാനന്ദന് ആക്രമിക്കപ്പെട്ടത്. 2007 ഫെബ്രുവരിയിലാണ് തലശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇവര്‍ സദാനന്ദന് 25,000 രൂപ വീതം നല്‍കാനും വിചാരണക്കോടതി വിധിച്ചിരുന്നു. അസി. സെഷൻസ് കോടതി വിധി 2013 ജൂണ്‍ 10ന് തലശേരി സെഷന്‍സ് കോടതിയും ശരിവച്ചു. ഇതോടെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയപ്പോൾ സദാനന്ദൻ നൽകിയ ക്രിമിനൽ റിവിഷൻ അപ്പീൽ പരിഗണിച്ച കോടതി പിഴത്തുക 50,000 ആയി വര്‍ധിപ്പിച്ചാണ് പ്രതികളുടെ അപ്പീൽ തള്ളിയത്.
തലശേരി കോടതിയിൽനിന്നും വൈകുന്നേരത്തോടെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച പ്രതികളെ ജയിൽ വളപ്പിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരിച്ചത്. പോലീസ് വാഹനത്തിൽനിന്ന് ഇറങ്ങി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രതികൾ ജയിലിലേക്ക് കയറിയത്.