നഗരമധ്യത്തിലെ നായ പരിപാലന കേന്ദ്രം ജനങ്ങൾക്ക് ദുരിതമാകുന്നു
1581370
Tuesday, August 5, 2025 1:52 AM IST
കണ്ണൂർ: നഗരമധ്യത്തിൽ പോലീസ് മൈതാനിക്കു മുൻവശം സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് (എസ്പിസിഎ) കെട്ടിട വളപ്പിലെ നായപരിപാലന കേന്ദ്രം ജനങ്ങൾക്കും ബസ് കാത്തുനിൽക്കുന്നവർക്കും ദുരിതമാകുന്നു.
രോഗം ബാധിച്ചതും അല്ലാത്തതുമായ നിരവധി നായകളെയാണ് ഒരു മൃഗസ്നേഹ സംഘടന ഇവിടെ കൂട്ടിലാക്കി പരിചരിക്കുന്നത്. പരിക്കു പറ്റുന്ന തെരുവ് നായകളെ പരിചരിക്കാനായി താത്കാലിക കൂട് സ്ഥാപിക്കാൻ അനുമതി തേടിയെത്തിയ സംഘടനയ്ക്ക് എസ്പിസിഎ അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ സംഘടന കൂടുകളുടെ എണ്ണം വർധിപ്പിച്ച് പരിപാലന കേന്ദ്രമാക്കി മാറ്റിയെന്നാണ് ആക്ഷേപം.
പഴയങ്ങാടി, തളിപ്പറന്പ്, പയ്യന്നൂർ, കാസർഗോഡ് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ് കേന്ദ്രം ഇതിന്റെ മുന്നിലാണ്. നായകളുടെ വിസർജ്യവും മറ്റും ശരിയായ രീതിയിൽ സംസ്കരിക്കാത്തതിനാൽ കടുത്ത ദുർഗന്ധമാണ്. നായകളുടെ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് തള്ളുന്നതായും ആരോപണമുണ്ട്.
ബസ് കാത്തു നിൽക്കുന്നവർ കടുത്ത ദുർഗന്ധം സഹിച്ചാണ് ഇവിടെ നിൽക്കുന്നുത്. ശരിയായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നില്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം ഉടമകളായ എസ്പിസിഎക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും നായപരിപാലന കേന്ദ്രം നടത്തിപ്പുകാർ തയാറാവുന്നില്ലെന്ന് എസ്പിസിഎ അധികൃതർ പറഞ്ഞു. നിയമ നടപടികളിലേക്ക് നീങ്ങാനാണ് എസ്പിസിഎയുടെ തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഈ നായപരിപാലന കേന്ദ്രത്തിനെതിരെ പരാതികൾ ഉയർന്നിട്ടും കോർപറേഷനോ ബന്ധപ്പെട്ട വകുപ്പധികൃതരോ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇതൊന്നും കാണാൻ ആളില്ലേ?
മൃഗപരിപാലന കേന്ദ്രങ്ങൾ നടത്തുന്പോൾ പാലിക്കേണ്ട നിയമങ്ങളെല്ലാം ഇവിടെ കാറ്റിൽ പറത്തുകയാണ്. കടുത്ത ദുർഗന്ധത്തിനൊപ്പം ഭീതിയിലാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. രാവിലെ നായകളെ കൂട്ടിൽ നിന്ന് തുറന്നു വിടുന്നത് കാണാറുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഇവ പുറത്തേക്ക് വന്നാൽ കടി കൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല. ഇത് ഇവിടെ നിന്ന് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി എടുത്തേ മതിയാകൂ.
പരിപാലനമാകാം, ബുദ്ധിമുട്ടിക്കരുത്
മൃഗങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയുമൊക്കെ വേണമെന്നും പക്ഷേ അത് പൊതുജനങ്ങൾക്ക് ദുരിതമാകുന്ന തരത്തിലാകരുതെന്നും വീട്ടമ്മയായ റീന പറഞ്ഞു.
നഗരത്തിലെ ഏറ്റവും പ്രധാന സ്ഥലത്തു തന്നെയുള്ള നായപരിപാലന കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഇതിലൂടെ നടന്നു പോകാനോ ബസ് കാത്തു നിൽക്കാനോ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.