ഹൃദയാരാം സിൽവർ ജൂബിലി ആഘോഷത്തിന് സമാപനം
1581003
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള ഹൃദയാരാം ഗ്രൂപ്പ് ഓഫ് മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. ധർമശാല ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന സമാപന ആഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു.
സമർപ്പണ ബോധം സമൂഹത്തിന്റെ ആത്മഗീതമായി മാറിയാൽ നാട് രക്ഷപ്പെടുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മറ്റുള്ളവരുടെ വേദനയും ദുഃഖവും തന്റേതു കൂടിയാണെന്ന് ഹൃദയമുള്ളവർക്കു മാത്രമേ കാണാൻ കഴിയൂ. ഹൃദയാരാം ഇതിന് ഉത്തമമാതൃകയാണ്. പദവിയോ, ജാതിയോ, മതമോ നോക്കാതെ ഏത് വിഭാഗത്തിൽപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൃദയാരാം ആത്മാർഥമായി ഇടപെട്ടു. ഹൃദയശുദ്ധിയുടെ ആത്മരാഗമാണ് അവിടെ കാണാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ജൂബിലി സുവനീർ പ്രകാശനം ചെയ്തു. ഹൃദയംകൊണ്ടുള്ള കേൾവി ഈ നാടിന് അനുഗ്രഹമായി മാറട്ടെയെന്ന് പ്രകാശനം നിർവഹിച്ച് ബിഷപ് ആശംസിച്ചു. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹപ്രഭാഷണം നടത്തി.
കണ്ണൂരിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ഹൃദയത്തിൽ പരിമളവും ശോഭയും പകർന്നു നല്കാൻ ഹൃദയാരാമിന് ഇതിനകം സാധിച്ചുവെന്ന് ബിഷപ് പറഞ്ഞു.
എസ്എച്ച് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഉഷ മരിയ ആമുഖപ്രഭാഷണം നടത്തി. ഹൃദയാരാം കടന്നുവന്ന വഴികളെക്കുറിച്ച് ഹൃദയാരാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്സ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സിസ്റ്റർ ജാൻസി പോൾ എസ്എച്ച് വിശദീകരിച്ചു. ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നടന്നു. പിജിഡിഎൽഡിയുടെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കെ.കെ. സാജുവും ലൈഫ് എലൈക്സർ കെ.വി. സുമേഷ് എംഎൽഎയും വിംഗ്സ് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ജോബി കെ. ജോസും ഉദ്ഘാടനം ചെയ്തു.
ഹൃദയാരാം ഫൗണ്ടർ ഡയറക്ടറും എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ചിനെ ചടങ്ങിൽ ആദരിച്ചു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ഡോ. കെ.വി. ലതീഷ്, തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറന്പിൽ, ഡോ. സിസ്റ്റർ റിൻസി അഗസ്റ്റിൻ എസ്എച്ച്, സിസ്റ്റർ ഡോ. ജോൺസി മരിയ എസ്എച്ച്, കണ്ണൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. മാത്യു നരിക്കുഴി, സിസ്റ്റർ റെജി ജേക്കബ് എസ്എച്ച്, ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, സിസ്റ്റർ ഡോ. റിൻസി അഗസ്റ്റിൻ, സി.എ. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
സോഷ്യൽമീഡിയ രോഗികളുടെ മാനസികാരോഗ്യം വീണ്ടെടുക്കണം: മാർ ജോസഫ് പാംപ്ലാനി
വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുകയും തങ്ങളുടെ വികാര വിക്ഷോഭങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നവർ സോഷ്യൽ മീഡിയയിൽ അഭിരമിക്കുകയാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇത്തരം സോഷ്യൽ മീഡിയ രോഗികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആർച്ച്ബിഷപ് പറഞ്ഞു. ധർമശാല ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ഹൃദയാരാം സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
മാനസികാരോഗ്യത്തിന് പ്രാധാന്യം നല്കേണ്ടത് ഏറ്റവും പ്രധാനമാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തെ പോലെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് സമൂഹത്തിൽ ഇത്രയധികം കഠിനപ്രയത്നം ചെയ്യുന്ന മറ്റൊരു സന്യാസിനി വിഭാഗമില്ല. ജാതി-മത ഭേദമന്യേ ഏത് വിഭാഗത്തിൽപ്പെട്ടവർക്കും സ്നേഹവും സാന്ത്വനവും നല്കി അവരെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇവർക്ക് സാധിച്ചു. ചെറിയ പ്രതിസന്ധിയിൽ പോലും സമൂഹം തളർന്നുപോകുന്ന സാഹചര്യത്തിൽ ഹൃദയാരാം ചെയ്യുന്ന തരത്തിലുള്ള ഇടപെടൽ ആവശ്യമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.