ഭാര്യയുടെ നിയമനം: പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് സ്പീക്കർ
1581376
Tuesday, August 5, 2025 1:52 AM IST
കണ്ണൂര്‍: തന്റെ ഭാര്യയുടെ ഗസ്റ്റ് അധ്യാപിക നിയമനവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ എ.എൻ. ഷംസീർ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറെക്കാലമായി തനിക്കെതിരെ വ്യക്തിപരമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ കൊടുക്കുന്നത്. സ്പീക്കറെ കിട്ടിയെന്ന തരത്തില്‍ വാളെടുത്ത് വീശുമ്പോള്‍ എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും തയാറാകണം. നിലവാരം കുറഞ്ഞ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ മദ്യപിച്ച സംഭവം മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പിന്നാലെ നടപടി സ്വീകരിച്ചെന്നും ഷംസീര്‍ പറഞ്ഞു. ജയിലിന് പുറത്താണ് മദ്യപാനം നടന്നത്. ജയിലിനകത്ത് നടന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫോണും ജയിലിനുള്ളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്നും ഷംസീർ പറഞ്ഞു. അടൂരിനെ പോലെ ഒരാളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.