ഷംസീറിന്റെ ഭാര്യയുടെ നിയമനം; കോടതിയെ സമീപിക്കുമെന്ന്
1581128
Monday, August 4, 2025 2:14 AM IST
കണ്ണൂർ: നാലുവർഷം സേവനം പൂർത്തിയാക്കിയ മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ മുഴുവൻ ഗസ്റ്റ് അധ്യാപകരെയും പിരിച്ചുവിടുകയും നിയമസഭാ സ്പീക്കർ ഷംസീറിന്റെ ഭാര്യ ജോലിചെയ്യുന്ന ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ ഗസ്റ്റ് അധ്യാപകർക്ക് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്തത് സ്വജനപക്ഷപാതത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുവാൻ ഉടൻ കോടതിയെ സമീപിക്കുമെന്നും കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ.ഷിനോ പി. ജോസ് അറിയിച്ചു.
വൈസ് ചാൻസലർ സിൻഡിക്കേറ്റ് അംഗങ്ങളുടെ നീതിയുക്തമല്ലാത്ത നിലപാടിന് ഒപ്പം നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. വിവാദമായതിന് ഒരിടവേളയ് ക്കുശേഷം നിയമസഭാ സ്പീക്കറുടെ ഭാര്യ ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു എന്നത് അക്കാദമിക് സമൂഹത്തെ അധികാര ഗർവ് കാട്ടി ഇടതുപക്ഷം വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സെനറ്റേഴ്സ് ഫോറം ആരോപിച്ചു.
അതിനിടയിൽ എല്ലാവർക്കും ഒരേ നീതി ഉറപ്പാക്കണമെന്നും ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ സ്വജനപക്ഷപാത വിവാദം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റേഴ്സ് ഫോറം നൽകിയ പരാതിക്ക് മറുപടിയായി സർക്കാരിലേക്ക് സിൻഡിക്കേറ്റ് നിർദ്ദേശപ്രകാരം ക്ലാരിഫിക്കേഷൻ ചോദിച്ചിട്ടുണ്ടെന്നും ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ഗസ്റ്റ് അധ്യാപകരുടെ കാര്യത്തിൽ തീരുമാനം മറുപടി വന്നതിനു ശേഷം കൈക്കൊള്ളുമെന്നും രജിസ്ട്രാർ ഫോറം കൺവീനറെ അറിയിച്ചു.
അഭ്യസ്തവിദ്യരായ നൂറുകണക്കിന് തൊഴിൽ അന്വേഷകരെ മാറ്റിനിർത്തി നിയമസഭാ സ്പീക്കറുടെ ഭാര്യയ്ക്ക് പ്രത്യേക പരിഗണന നൽകിയത് പൊതുസമൂഹത്തിൽ ചർച്ചയാക്കുമെന്നും നിയമ വ്യവസ്ഥ ഉപയോഗിച്ച് ഈ ബന്ധു നിയമനം ചോദ്യം ചെയ്യുമെന്നും സെനറ്റേഴ്സ് ഫോറം അറിയിച്ചു.