കോട്ടത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു; ബസ് കടയിലേക്ക് പാഞ്ഞുകയറി
1581374
Tuesday, August 5, 2025 1:52 AM IST
കൂത്തുപറമ്പ്: പെരളശേരി കോട്ടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് എതിർവശത്തെ കടയിലേക്കും പാഞ്ഞുകയറി. അപകടത്തിൽ കാർ ഡ്രൈവർക്കു സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കോട്ടം ഈസ്റ്റ് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം.
കണ്ണൂർ ഭാഗത്തു നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്കു വരുന്ന ബസും എതിർദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം വിട്ട് എതിർവശത്തെ സ്റ്റേഷനറി കടയിൽ പാഞ്ഞുകയറുകയും ചെയ്തു. സംഭവ സമയം കട ഉടമ ഭക്ഷണം കഴിക്കാൻ പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ കാർ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗവും തകർന്നു. കടയ്ക്കും കേടുപാടുകൾ സംഭവിച്ചു.