കേരഗ്രാമം; നടുവിൽ പഞ്ചായത്തിനെ തെരഞ്ഞെടുത്തു
1580980
Sunday, August 3, 2025 7:58 AM IST
നടുവിൽ: 2025-26 വർഷത്തിലെ കേരഗ്രാമം പദ്ധതിയിൽ നടുവിൽ പഞ്ചായത്തിനെ തെരഞ്ഞെടുത്തതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. മുൻ വർഷങ്ങളിൽ ആലക്കോട്, പയ്യാവൂർ, ഉദയഗിരി, എരുവേശി പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെന്നും എംഎൽഎ പറഞ്ഞു.
സംസ്ഥാനത്തെ തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ചു നാളികേരത്തിന്റെ ഉത്പാദനവും ഉത്പ്പാദന ക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഭാഗമായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം തുടങ്ങിയ സഹായങ്ങൾ നടപ്പാക്കുന്നു. 100 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി കണക്കാക്കുന്നത്.
25.67 ലക്ഷം രൂപയാണ് ഒരു കേരഗ്രാമത്തിന് മേൽപ്പറഞ്ഞ ഘടകങ്ങൾക്കായി ഒന്നാംവർഷ അനുകൂല്യമായി കൃഷിവകുപ്പ് അനുവദിക്കുന്നത്. സംയോജിത പരിപാലന മുറകൾ കേരഗ്രാമങ്ങളിൽ രണ്ടാം വർഷം തുടരുന്നതിന് എട്ടു ലക്ഷം രൂപ ഒരു കേരഗ്രാമത്തിന് എന്ന തോതിൽ പദ്ധതി സഹായം ലഭ്യമാണ്. തെങ്ങുകൾക്കു വളപ്രയോഗം മൂന്നാം വർഷവും തുടരുന്നതിന് നാലു ലക്ഷം രൂപയാണ് ലഭിക്കുക.