ട്രാൻസ്ഫോർമർ ഭീഷണി; ചെവികൊടുക്കാതെ അധികൃതർ
1581118
Monday, August 4, 2025 2:14 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിലെ അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യം ഇനിയും നടപ്പായില്ല. ജനപ്രതിനിധികളും നാട്ടുകാരും നിരവധി പരാതി നൽകിയിട്ടും അധികൃതർ ഗൗനിക്കുന്നില്ല. റോഡ് നവീകരിച്ചതോടെ ടൗണിൽ ഒരു തിട്ടയിലാണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്. രണ്ട് കടയുടെ വരാന്തയിലേക്ക് സ്റ്റേ വയർ വലിച്ചുകെട്ടിയ നിലയിലാണ്.
ഇതിനു സമീപത്തായി പ്രവർത്തിക്കുന്ന സ്കൂളിൽ നിന്ന് വിദ്യാർഥികൾ സഞ്ചരിക്കുന്നത് ട്രാൻസ്ഫോർമറിന് സമീപത്തുകൂടെയാണ്. സ്ഥലപരിമിതിയുള്ള ടൗണിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത് ട്രാൻസ്ഫോർമറിന് കീഴെയാണ്. സമീപത്തു തന്നെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ സൗകര്യപ്രദമായ സ്ഥലം ലഭ്യമാണ്. മാറ്റി സ്ഥാപിക്കുന്നതിനുള്ള പണം ആരുനൽകും എന്നതാണ് കെഎസ്ഇബിയുടെ ചോദ്യം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ രേഖാമൂലം പരാതി നൽകുകയും താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതൊന്നും തങ്ങൾക്ക് ബാധിക്കില്ല എന്ന നിലപാടിൽ ഉറക്കം നടിക്കുകയാണ് കെഎസ്ഇബി.
പാലത്തുംകടവ്
എൽപി സ്കൂളിന് മുന്നിൽ തുറന്നിട്ട ട്രാൻസ്ഫോർമർ
അയ്യൻകുന്നിലെ പാലത്തുംകടവ് എൽപി സ്കൂളിന് മുന്നിൽ യാതൊരു സുരക്ഷയും ഇല്ലാതെ തുറന്നിട്ട ട്രാൻസ്ഫോർമർ ഉയർന്ന അപകടഭീഷണി അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. സ്കൂളിൽ നിന്ന് 50 മീറ്റർ ദൂരത്തിലാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം വിദ്യാർഥികൾ ട്രാൻസ് ഫോമറിനുളളിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ റിബർ കെട്ടി വേലിയുണ്ടാക്കിയിരിക്കുകയാണ്.
ട്രാൻസ്ഫോമറിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണമെന്നാണ് നിയമം. അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ നിരവധിതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അപകടംസംഭവിച്ച ശേഷം മാത്രമേ ഉണരുകയുള്ളൂ എന്നതാണ് അധികൃതരുടെ നിലപാടെന്ന് വാർഡ് അംഗം ബിജോയി പ്ലാത്തോട്ട പറഞ്ഞു.
പേരട്ടയിൽ പള്ളിക്കും
സ്കൂളിനും സമീപം
ട്രാൻസ്ഫോർമർ
പേരട്ട കല്ലംതോട് പള്ളിക്കും സ്കൂളിനും സമീപത്തെ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. അടിയന്തരമായി മാറ്റിസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്ത് അംഗം കൂടിയായ ബിജു വെങ്ങലപള്ളി. ട്രാൻസ്ഫോർമറുകൾ വീതികുറഞ്ഞ വഴിയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നത് ഭീഷണിയാകുന്നതായി അവർ പറഞ്ഞു.
ട്രാൻസ്ഫോർമറുകൾ വഴികളിൽ സ്ഥാപിക്കാതെ സ്വന്തം സ്ഥലത്ത് സ്ഥാപിക്കാനുള്ള നടപടി കെഎസ്ഇബി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പേരട്ടയിൽ ഇത്തരത്തിൽ നിരവധിസ്ഥലത്ത് വളവുകളിൽ കെഎസ്ഇബി സ്ഥപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ ഭീഷണി തീർക്കുന്നതായും ഇത് മാറ്റനായുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.