അലക്സ് നഗർ-ഐച്ചേരി റോഡ് പൊട്ടിത്തകർന്നിട്ട് ഒന്പതു വർഷം
1581366
Tuesday, August 5, 2025 1:52 AM IST
അലക്സ്നഗർ: അലക്സ്-നഗർ ഐച്ചേരി റോഡ് പൊട്ടിത്തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായി. കഴിഞ്ഞ ഒന്പത് വർഷമായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ ഇനിയാരെ സമീപിക്കണമെന്നറിയാതെ വലയുകയാണ് ഇവിടുത്തുകാർ. ഒന്പതു വർഷമായി തകർന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്ന് നിരവധി തവണ അപേക്ഷ നൽകിയിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
പൊട്ടിത്തകർന്ന റോഡിൽ ക്വാറി വേസ്റ്റ് ഇട്ട് താത്കാലിക പരിഹാരം ഇടക്കിടെ നടത്തുകയാണ്. മഴ മാറിയിൽ വാഹനങ്ങൾ കടന്നു പോകുന്പോൾ പ്രദേശം പൊടിയിൽ മുങ്ങുന്നതും പതിവാണ്.
വർഷങ്ങളായി അറ്റുകുറ്റപ്പണിപോലും നടത്താതെ തകർന്നുകിടക്കുന്ന അലക്സ്നഗർ-ഐച്ചേരി റോഡിലൂടെ മാപ്പിനി മുതൽ പാലം വരെയുള്ള ഭാഗമാണ് ഏറ്റവും ശോചനീയമായ അവസ്ഥയിലുള്ളത്.
ഒന്നര വർഷം മുമ്പ് തുറന്നുകൊടുത്ത അലക്സ് നഗർ പാലം നിർമാണത്തിന്റെ ഉദ്ഘാടനവേളയിൽ റോഡ് നവീകരണം ഉടൻ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നുമായിട്ടില്ല. ആദ്യം 5.50 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാറുകാരന്റെ അനാസ്ഥമൂലം പ്രവൃത്തി നീണ്ടു പോകുകയാണ്. ഇതിനിടെ സജീവ് ജോസഫ് എംഎൽഎ ഇടപെടലിനെ തുടർന്ന് ഫണ്ട് പാസായതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ലെന്നും നാട്ടുകാർ പറഞ്ഞു.
ക്വാറി വേസ്റ്റല്ല,
റോഡാണ് വേണ്ടത്
ബസ് ഓടിയിരുന്ന റോഡാണ് തകർന്നു കിടക്കുന്നത്. മഴ കഴിഞ്ഞാലുടൻ റോഡ് നവീകരണത്തിനുള്ള നടപടികൾ ഉണ്ടാക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഇടയ്ക്കിടെ തകർന്ന റോഡിൽ ക്വാറി വേസ്റ്റ് ഇറക്കിയുള്ള താത്കാലിക പരിഹാരമല്ല വേണ്ടത്. കൃത്യമായ രീതിയിലുള്ള റോഡ് നവീകരണം നടത്തി യാത്രാ ക്ലേശം പരിഹരിക്കണം.