ചെന്പേരിയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
1581130
Monday, August 4, 2025 2:14 AM IST
ചെമ്പേരി: ചെന്പേരി ടൗണിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. മൂന്ന് നിലകളിലായുള്ള സാധനങ്ങൾ കത്തിനശിച്ചു. ലിജോ സ്റ്റോഴ്സ് എന്ന കടയിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഇന്നലെ ഞായാറാഴ്ച കട തുറന്നിരുന്നില്ല. അറ്റകുറ്റിപ്പണിക്കായി കെഎസ്ഇബി അധികൃതർ വൈദ്യത ലൈൻ രാവിലെ ഓഫ് ചെ്യത ശേഷം വൈകുന്നേരമാണ് ഓൺ ചെയ്തത്.
ഇതിനു പിന്നാലെയാണ് കടയിൽ തീപിടിത്തമുണ്ടായത്. ലൈനിൽ കുടി അമിത വോൾട്ടേജ് പ്രവഹിച്ചതാകാം കടയിലെ ഉപകരണങ്ങൾ കത്താനിടയാക്കിയതെന്നും സംശയം ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് പുക ഉയരുന്നത് മറ്റൊരു വ്യാപാരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീപിടിത്ത വിവരം അറിയുന്നത്.
വിവരമറിഞ്ഞെത്തിയവർ കടയിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. കുടിയാന്മല പോലീസും തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തീ സമീപത്തെ കടകളിലേക്ക് പടരുന്നതിന് മുന്പ് അണയ്ക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ഇതോടൊപ്പം ടൗണിലെ മറ്റ് ചില വ്യാപാര സ്ഥപനങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്. റീഗൽ ബേക്കറിയിലെ ഫ്രിഡ്ജ്, മണലുംകുഴി വെജിറ്റബിൾസിലെ ഫ്രീസർ, നീതി ലാബിന്റെ ലൈറ്റ് ബോർഡ്, ഭാരത് ഇലക്ട്രിക്കൽസിലെ വൈദ്യുത മീറ്റർ, സാജു ബ്രദേഴ്സിലെ ലൈറ്റുകൾ എന്നിവ കത്തിനശിച്ചവയിൽ പെടുന്നു.