എസ്പിസി ദിനാചരണം സംഘടിപ്പിച്ചു
1581369
Tuesday, August 5, 2025 1:52 AM IST
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ (എസ്പിസി) പതിനഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് എസ്പിസി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിളളി ഉദ്ഘാടനം ചെയ്തു. കുടിയാന്മല എസ്ഐ പ്രകാശൻ പടിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർ പി. ഷഫീഖ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഡെസ്റ്റി ദേവസ്യ, ഐറിൻ സോജൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ചെമ്പേരി: നിർമല ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ദിനം ആചരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ പതാക ഉയർത്തി. സീനിയർ കാഡറ്റ് ലീഡർ ജെറോൾ ജോസ് പരേഡിനു നേതൃത്വം നൽകി. എസ്പിസി ഗീതം, പ്രതിജ്ഞ, ഡിക്ലറേഷൻ പ്രസന്റേഷൻ എന്നിവയും നടന്നു.
സീനിയർ കേഡറ്റ് ഷിലോൺ ഏഞ്ചൽ എസ്പിസി അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കേഡറ്റുകൾ കുടിയാന്മല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്എച്ച്ഒ എം.എൻ. ബിജോയ് കേഡറ്റുകളെ മധുരം നൽകി സ്വീകരിച്ചു. സ്റ്റേഷനിലെ മുഴുവൻ പോലീസ് ഓഫീസർമാർക്കും കേഡറ്റുകൾ ഉപഹാരങ്ങൾ സമ്മാനിച്ചു. സിപിഒമാരായ ബീന ഫിലിപ്പ്, വിനോദ് അഗസ്റ്റിൻ, ഡ്രിൽ ഇൻസ്ട്രക്ടർ ബൈജു എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ് പദ്ധതിയുടെ പതിനാറാം ജന്മദിനം ആഘോഷിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി. വിനീഷ്കുമാർ പതാക ഉയർത്തി.
പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ കെ. അനിത, അജിത്ത്കുമാർ, കെ.വി. ലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാഡറ്റുകൾ ചെറുപുഴ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു.