തലശേരിയിൽ ഇന്നലെയും ബസ് ഓടിയില്ല
1581000
Sunday, August 3, 2025 7:58 AM IST
തലശേരി: പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദനമേറ്റതിനെ തുടർന്ന് ബസ് തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കി ഇന്നലെ മുതൽ ബസുകൾ സർവീസ് നടത്തുമെന്ന് ഉടമകളും പോലീസും ട്രേഡ് യൂണിയൻ നേതാക്കളും അറിയിച്ചിട്ടും തലശേരിയിൽ ഇന്നലെയും ബസുകൾ സർവീസ് നടത്തിയില്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം തുടർന്നാൽ സമരം നടത്തുന്ന ജീവനക്കാരെ തെരുവിൽ തടയുമെന്നും ഇന്ന് മുതൽ സർവീസ് നടത്താത്ത ബസുകളെ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. ഇക്കാര്യം വിശദീകരിച്ചുള്ള പോസ്റ്ററുകളും നഗരത്തിൽ ഡിവൈഎഫ്ഐ പതിച്ചിട്ടുണ്ട്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ബസ് ജീവനക്കാരുടെ സമരത്തിനെതിരേ ഡിവൈഎഫ്ഐ നഗരത്തിൽ പ്രകടനവും നടത്തി.
കഴിഞ്ഞദിവസം തലശേരി എഎസ്പി ഓഫീസിൽ നടന്ന ചർച്ചയെ തുടർന്നാണ് സമരം നിർത്തിവയ്ക്കാൻ ധാരണയായെന്ന് യൂണിയൻ നേതാക്കളും പോലീസും വെള്ളിയാഴ്ചയായിരുന്നു അറിയിച്ചത്.എന്നാൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം ബസ് തൊഴിലാളികൾ രംഗത്തെത്തിയതാണ് ബസ് സർവീസുകൾ ഇന്നലെയും തടസപ്പെടാൻ കാരണമായത്. ചില റൂട്ടുകളിൽ സർവീസ് നടത്താൻ ഇന്നലെ ബസുകൾ എത്തിയിരുന്നെങ്കിലും സമരാനുകൂലികൾ തടയുകയായിരുന്നു.
അരാജക സമരങ്ങളോട് യോജിപ്പില്ല: മോട്ടോർ തൊഴിലാളി യൂണിയൻ
ബസ് തൊഴിലാളികളെന്ന് അവകാശപ്പെട്ട് അരാജകസംഘങ്ങൾ നടത്തുന്ന മിന്നൽ സമരങ്ങളോട് യോജിക്കാനാകില്ലെന്ന് മോട്ടോർതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കാരായി രാജൻ പ്രസ്താവനയിൽ പറഞ്ഞു.
കണ്ടക്ടറെ മർദിച്ചതിനെതിരെ അതിശക്തമായ പ്രതികരണമാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനകം മറ്റു പ്രതികളെയും പിടിക്കുമെന്ന് ചൊക്ലി പോലീസ് ഉറപ്പ് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ചൊക്ലി പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗം സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷവും ഒരു വിഭാഗം വാട്സാപ്പിലൂടെ സമരാഹ്വാനം നടത്തി.
തുടർച്ചയായി ദിവസങ്ങളായി ബസ് സർവീസ് നിലയ്ക്കുന്ന അവസ്ഥയുണ്ടായി. വെള്ളിയാഴ്ച എഎസ്പിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനവും അംഗീകരിക്കാതെ ഒരുവിഭാഗം സമരം തുടരുകയാണ്. ഇത്തരം അരാജകസമരങ്ങളെ ശക്തമായി നേരിടാൻ പോലീസും പൊതുസമൂഹവും തയാറാകണം. ബസ് സർവീസ് അനന്തമായി നിർത്തിയിട്ട് ജനങ്ങളെദ്രോഹിക്കുന്ന അരാജകസംഘങ്ങളുടെ നിലപാടിനോട് യോജിപ്പില്ലെന്നും ബസ് സർവീസ് പുനരാരംഭിച്ച് യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്നും മോട്ടോർ തൊഴിലാളി യൂണിയൻ അഭ്യർഥിച്ചു.