ആറളത്ത് നൂറ് ഹെക്ടറിൽ കേരഗ്രാമം പദ്ധതി
1581915
Thursday, August 7, 2025 2:01 AM IST
ഇരിട്ടി: നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കാൻ ആറളം പഞ്ചായത്തിൽ 100 ഹെക്ടറിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കും.
ശാസ്ത്രീയ രീതിയിലുള്ള പുതുകൃഷിക്കും നിലവിലെ കൃഷി സംരക്ഷിച്ച് ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് സബ്സിഡി ഉൾപ്പെടെ ലഭ്യമാക്കും. മൂന്നുവർഷത്തേക്ക് വിത്തും വളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി 37.67 ലക്ഷം രൂപയും അനുവദിക്കും. പദ്ധതിക്കായി പേരാവൂർ നിയോജക മണ്ഡലത്തിൽ ആറളം പഞ്ചായത്തിനെയാണ് കൃഷി വകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സണ്ണിജോസഫ് എംഎൽഎ അറിയിച്ചു.
പദ്ധതി പ്രകാരം ഒന്നാം വർഷം 25.67 ലക്ഷം രൂപയും രണ്ടാംവർഷം എട്ടുലക്ഷം രൂപയും മൂന്നാം വർഷം നാലുലക്ഷം രൂപയുമാണു ധനസഹായമായി നൽകുന്നത്. ആറളം കൃഷിഭവൻ മുഖേന സബ്സിഡി കേര കർഷകർക്ക് കൈമാറും.ആറളം ഫാം ഉൾപ്പെടെ പഞ്ചായത്തിൽ 900 ഹെക്ടറിലധികം തെങ്ങ് കൃഷിയുണ്ട്. ഇതിൽ 150 ഹെക്ടറിലധികം ആറളം ഫാം ഉൾപ്പെടുന്ന പ്രദേശമാണ്. ഫാമിൽ കാട്ടാന, കുരങ്ങ് ശല്യം മൂലം തേങ്ങയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞു. ആയിരത്തോളം തെങ്ങുകൾ കാട്ടാനക്കൂട്ടം കുത്തിവീഴ്ത്തി. വലിയ തോതിലുള്ള ഉത്പാദന തകർച്ചയാണു മേഖലയിൽ ഉണ്ടായിരിക്കുന്നത്.
പുനർകൃഷി പോലും നടത്താൻ കഴിയാത്ത സാഹചര്യമാണു ഫാമിനുള്ളിലുള്ളത്. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളായ പുതിയങ്ങാടി, കീഴ്പ്പള്ളി, ചെടിക്കുളം, കൊക്കോട്, കക്കുവ, പൂതക്കുണ്ട്, ആറളം, വട്ടപ്പറമ്പ് ഭാഗങ്ങളിലാണു കൂടുതലായും കൃഷി ചെയ്യുന്നത്. ഇവിടങ്ങളിലെ കേര കർഷകർക്കാണു പദ്ധതിയിലൂടെ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക.