ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക്
1581920
Thursday, August 7, 2025 2:01 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ വിളമന കരിവണ്ണൂരിൽ ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. മാടത്തിൽ - വിളമന - വള്ളിത്തോട്- ഇരിട്ടി റൂട്ടിൽ ഓടുന്ന അരുൺ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു അപകടം.
സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന് സമീപത്തെ രണ്ട് മീറ്ററോളം താഴ്ചയുളള വയലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. പെരുങ്കരി, കുന്നോത്ത് സ്കൂളുകളിലെ വിദ്യാർഥികൾ പതിവായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്.
റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ 10 യാത്രക്കാർ മാത്രമാണ് ഇന്നലെ ബസിൽ ഉണ്ടായിരുന്നത്. ഇതുകാരണം വലിയ ദുരന്തമാണ് ഒഴിവാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
ഇരിട്ടി അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റും ഇരിട്ടി പോലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.