മഴ മാറിയാലുടൻ അലക്സ് നഗർ- ഐച്ചേരി റോഡ് പ്രവൃത്തി ആരംഭിക്കും
1581621
Wednesday, August 6, 2025 1:13 AM IST
അലക്സ്നഗർ: മഴ മാറിയാലുടൻ അലക്സ് നഗർ- ഐച്ചേരി റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ത്രേസ്യാമ്മ മാത്യു അറിയിച്ചു. അലക്സ് നഗർ ഐച്ചേരി റോഡ് സംബന്ധിച്ച ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. ഐച്ചേരി - അലക്സ്നഗർ റോഡിൽ പ്രധാന അറ്റകുറ്റപണി ചെയ്തിട്ട് 17വർഷമായി. അലക്സ് നഗർ -കാഞ്ഞിലേരി പാലത്തിന്റെ അപ്രോച്ച് റോഡ് 2019 -ൽ വൺടൈം സെറ്റിൽമെന്റിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തു.
നവീകരണത്തിനായി നാല് കോടി 36 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സർക്കാരിന്റെ പരിഗണനയിൽ കിടക്കുകയാണ്. അതിനിടയിൽ ഈ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ അറ്റകുറ്റപണി ചെയ്യുന്നതിന് വേണ്ടി 2023-ൽ കൗൺസിൽ തീരുമാനപ്രകാരം നഗരസഭയ്ക്ക് തിരിച്ചു നൽകി.
സജീവ് ജോസഫ് എംഎൽഎയുടെ ഇടപെടൽ മൂലം പ്രളയക്കെടുതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം കൊണ്ട് 610 മീറ്റർ റീടാർ ചെയ്തു. ഇതിനിടയിൽ 48 വർഷം പഴക്കമുള്ള ഈ റോഡിലെ മാപ്പിനി ഭാഗത്തുള്ള കലുങ്ക് തകരുകയും ചെയ്തു. തുടർന്ന് അടിയന്തരമായി നഗരസഭ 10 ലക്ഷം അനുവദിച്ചു.
ഇതിൽ എഴ് ലക്ഷം രൂപ പുതിയ കലുങ്കിന്റെ പ്രവൃത്തിക്കും മൂന്ന് ലക്ഷം റോഡിന്റെ കുറച്ചുഭാഗം ടാറിംഗിനും ഉപയോഗിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ അഞ്ച് ലക്ഷം പോൾ എന്ന കരാറുകാരൻ ടെൻഡർ എടുത്തെങ്കിലും പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. അലക്സ് നഗർ പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി മുഹമ്മദ് റിയാസ് റോഡ് അറ്റകുറ്റപണിക്കായി 15 ലക്ഷം അനുവദിച്ചു. ഫണ്ട് ലഭിച്ചത് കാലവർഷം തുടങ്ങിയ സമയത്താണ്. തമ്പാൻ എന്ന കരാറുകാരൻ ടെൻഡർ എടുത്തിട്ടുണ്ട്.
ഇതു സംബന്ധിച്ച് 2025 -26 വാർഷിക പദ്ധതിയിൽ നഗരസഭ വച്ചിട്ടുണ്ട്. അതും ടെൻഡർ നടപടിയിലേക്ക് പോകുന്നു. ഈയൊരു റോഡിനു മാത്രം 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ മഴ മാറുന്പോൾ റോഡ് നവീകരണം ആരംഭിക്കും. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പ്രവൃത്തി പൂർണമായും പൂർത്തിയാക്കുമെന്നും ത്രേസ്യാമ്മ മാത്യു ദീപികയോടു വ്യക്തമാക്കി.