പങ്കെടുത്തത് നാട്ടുകാരിയെന്ന നിലയിൽ: കെ.കെ. ശൈലജ
1581608
Wednesday, August 6, 2025 1:12 AM IST
കണ്ണൂര്‍: സി.സദാനന്ദന് വധശ്രമക്കേസിലെ പ്രതികള്‍ക്ക് നല്കിയ യാത്രയയപ്പിൽ പങ്കെടുത്തത് നാട്ടുകാരിയെന്ന നിലയിലാണെന്നും ശിക്ഷിക്കപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരായതിനാലാണ് അവരെ കാണാന്‍ പോയതെന്നും കെ.കെ. ശൈലജ എംഎല്‍എ. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. അവരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. തന്റെ അറിവില്‍ അവര്‍ നാട്ടിലെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവര്‍. താന്‍ പങ്കെടുത്തത് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ലെന്നും കോടതിയുടെ വിധിയെ മാനിക്കുന്നതായും കെ.കെ. ശൈലജ പറഞ്ഞു.
പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. പ്രതികളുടെ കുടുംബാംഗങ്ങള്‍ ഏറെ ദുഃഖത്തിലാണ്. അവര്‍ തെറ്റുകാരല്ലെന്ന് അവരുടെ കുടുംബം വിശ്വസിക്കുന്നു. അവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ പങ്കുചേരുകയാണ്. എങ്കിലും കോടതി വിധിയെ തങ്ങള്‍ മാനിക്കുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നത്. ഇത് യാത്രയയപ്പായി കാണാന്‍ കഴിയില്ലെന്നും തെറ്റായ യാതൊരു സന്ദേശവും ഇതില്‍ ഇല്ലെന്നും അവർ പറഞ്ഞു.