വീടിന് സമീപം 220 കെവി ലൈൻ പൊട്ടിവീണു
1581908
Thursday, August 7, 2025 2:01 AM IST
തളിപ്പറമ്പ: 220 കെവി ലൈൻ വീടിന് സമീപത്ത് പൊട്ടി വീണു. ചിറവക്ക് കോട്ടക്കുന്ന് ടവറിൽ നിന്ന് സിഎംആർ വില്ല വഴി പുളിമ്പറമ്പിലേക്ക് പോകുന്ന 220 കെവി വൈദ്യുത ലൈനാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ പൊട്ടി വീണത്. കോട്ടക്കുന്ന് ടവറിന് സമീപം താമസിക്കുന്ന സമീറയുടെ വീടിന് തൊട്ടടുത്താണ് ലൈൻ പൊട്ടിവീണത്. അപകടം നടന്നയുടൻ ടവറിൽ വൻ അഗ്നിഗോളം രൂപപ്പെടുകയും പൊട്ടിത്തെറിയുണ്ടാവുകയും ചെയ്തു.
പൊട്ടിവീണ വൈദ്യുത ലൈനിന്റെ ഒരു ഭാഗം സിഎംആർ വില്ലയുടെ കുട്ടികളുടെ പാർക്കിലാണ് വീണത്. പാർക്കിൽ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ലൈൻ പൊട്ടിവീണ ഉടനേ ടവറിൽ നിന്നുള്ള വൈദ്യുതിബന്ധം നിലച്ചിരുന്നു. എന്നാൽ ത്രി ഫെയ്സ് ലൈനിൽ വൈദ്യുതിയുണ്ടായിരുന്നു.
സംഭവമറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാർ ലൈൻ ഓഫ് ചെയ്തു. പയ്യന്നൂർ ലൈൻ മെയിന്റനൻസ് സെക്ഷനിലെ സബ് എൻജിനിയർ കിരൺ, അസി. എൻജിനീയർ ദീപക്, ഓവർസിയർ പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലമാണ് ലൈൻ പുനർ നിർമിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.