ഏരുവേശി പുഴയിൽ കാറും മുച്ചക്ര വാഹനവും വീണു; ഒരാളെ കാണാതായി
1581909
Thursday, August 7, 2025 2:01 AM IST
ഏരുവേശി: ഏരുവേശി പുഴയിൽ കാറും മുച്ചക്ര വാഹനവും വീണ് ഒരാളെ കാണാതായി. ചൊവ്വാഴ്ച രാത്രി 8.30 ഓടെ എരുത്ത് കടവിൽ കാർ നിയന്ത്രണം വിട്ട പുഴയിലേക്ക് വീണ് കുറച്ചുദൂരം ഒഴുകിപ്പോയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഒന്പതോടെ മുച്ചക്ര വാഹനം പുഴയിലേക്ക് വീണ് യാത്രക്കാരനായ ആന്റണി മുണ്ടയ്ക്കലിനെ കാണാതായി. ആന്റണി മുണ്ടയ്ക്കൽ ചപ്പാത്ത് പാലം കടക്കുന്പോഴായിരുന്നു പുഴയിലേക്ക് മുച്ചക്ര വാഹനം പതിച്ചത്. പോലീസും ഫയർഫോഴ്സും എത്തി തിരച്ചിൽ ആരംഭിച്ചു. ചപ്പാത്ത് പാലം കടക്കുമ്പോഴാണ് കാറും അപകടത്തിൽ പെട്ടത്.
പയ്യാവൂരിൽ ഫോട്ടോ ഡിസൈനറായ മണ്ണേരി സ്വദേശി ശ്രീജിത്തായിരുന്നു കാർ ഓടിച്ചിരുന്നത്. അദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. ചപ്പാത്തിൽ നിന്ന് പുഴയിൽ വീണ് ഇരുപത് മീറ്ററോളം ഒഴുകിപ്പോയ ശേഷമാണ് ശ്രീജിത്തിന് രക്ഷപ്പെടാൻ കഴിഞ്ഞത്. ഡ്രൈവറുടെ സീറ്റിലെ ഡോറിന്റെ ഗ്ലാസ് തുറന്ന നിലയിലായിരുന്നതിനാൽ അതുവഴി ചാടി നീന്തി കരയിലെത്തുകയായിരുന്നു.
പുഴയിലൂടെ വീണ്ടും ഇരുനൂറ് മീറ്ററോളം താഴേക്കൊഴുകി വെള്ളത്തിൽ മുങ്ങിപ്പോയ കാർ ഇന്നലെ ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് കയർ കെട്ടിവലിച്ച് കരയിലെത്തിച്ചത്. വേനൽകാലത്ത് പുഴയിലെ ജലനിരപ്പും ശക്തമായ ഒഴുക്കും കുറയുമ്പോൾ മാത്രം വാഹനങ്ങൾക്ക് കടന്നു പോകാൻ നിർമിച്ച ചപ്പാത്താണ് ഇവിടെയുള്ളത്.
ചപ്പാത്തിന്റെ മുകളിലൂടെ വെള്ളവും ഒഴുക്കും ശക്തമായുള്ളപ്പോൾ വാഹനങ്ങൾ കടത്തുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. അതാണ് ഇത്തരം അപകടങ്ങൾക്ക് ഇടയാക്കുന്നത്.