ചന്ദനക്കാംപാറ-പയ്യാവൂർ റോഡിൽ വീണ്ടും കുഴികൾ; യാത്ര ദുസഹം
1581906
Thursday, August 7, 2025 2:01 AM IST
പൈസക്കരി: നിരവധി സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്ന ചന്ദനക്കാംപാറ-പൈസക്കരി-പയ്യാവൂർ റോഡ് വീണ്ടും തകർന്നു. ചന്ദനക്കാംപാറ, ചീത്തപ്പാറ ജംഗ്ഷൻ, പൈസക്കരി, വണ്ണായികടവ്, കോയിപ്ര തുടങ്ങി പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
15 വർഷം മുന്പ് മെക്കാഡം ടാറിംഗ് നടത്തിയ റോഡിൽ നേരത്തെ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിരുന്നു. ഇത് സംബന്ധിച്ച് ദീപിക റിപ്പോർട്ടിനെ തുടർന്ന് താത്കാലികമായി കുഴിയടക്കൽ നടത്തിയതിനു പിന്നാലെയാണ് വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലും ആഴമുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും ചെറിയ വാഹനങ്ങൾ കേടുവരുന്നതും പതിവാണ്.
കുഴികൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച മാത്രം നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. റോഡിലെ അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.