ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ രവീന്ദ്രന്റെ വീട്ടിൽ വൈദ്യുതി എത്തി
1581618
Wednesday, August 6, 2025 1:13 AM IST
ഇരിട്ടി: ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വീട്ടിൽ വെളിച്ചമെത്തിയപ്പോൾ സന്തോഷത്താൽ രവീന്ദ്രൻ പുളിക്കലിന്റെ കണ്ണ് നിറഞ്ഞു. വീട്ടിൽ വൈദ്യുതി വെളിച്ചം എത്തിക്കുകയെന്നത് രവീന്ദ്രൻ ഉള്ളിൽ കൊണ്ടുനടന്ന ജീവിത അഭിലാഷമായിരുന്നു. ആഗ്രഹം സഫലമായപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് മുന്നിൽ കൈകൂപ്പിയ രവീന്ദ്രൻ വിതുമ്പി.
കെഎസ്ഇബി എടൂർ സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് മുണ്ടയാം പറമ്പിലെ രവീന്ദ്രന്റെ വീട്ടിൽ വൈദ്യുതി എത്തിച്ചത്. മണ്ണെണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു കഴിഞ്ഞുപോന്നത്.മൂന്ന് വർഷം മുന്പ് അമ്മ മരിച്ചതോടെ രവീന്ദ്രൻ പുളിക്കൽ തനിച്ചായി. വൈദ്യുതി കണക്ഷനുവേണ്ടി ഓഫീസുകൾ പലതവണ കയറി ഇറങ്ങിയെങ്കിലും പല കാരണങ്ങൾക്കൊണ്ട് നടക്കാതെ പോയി. വൈദ്യുതി വകുപ്പ് ഇരിട്ടി സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ തടസങ്ങൾ നീക്കി വീട്ടിൽ വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി കണക്ഷൻ അനുവദിക്കുകയായിരുന്നു. അമ്മയുള്ളപ്പോൾ വൈദ്യുതി എത്തിക്കാൻ കഴിയാതെ പോയതിൽ വിഷമം ഉണ്ടെങ്കിലും ഏകാന്ത ജീവിതത്തിൽ കൂട്ടായി വെളിച്ചമുണ്ടല്ലോ എന്നത് ആശ്വാസമാണ്.
അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീലാകുമാരി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഇരിട്ടി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ലീജോ തോമസ് അധ്യക്ഷത വഹിച്ചു. എടൂർ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പി.ജി. സനീഷ്, വാർഡ് അംഗം മിനി വിശ്വനാഥൻ, അനിൽകുമാർ, എടൂർ സെക്ഷൻ സബ് എൻജിനീയർ അജേഷ്, ഷാജി എന്നിവർ പ്രസംഗിച്ചു.