ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം; സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം
1581914
Thursday, August 7, 2025 2:01 AM IST
കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശുചിത്വമിഷന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സംസ്ഥാനത്തെ 10 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പികളുമാണ് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ നിരോധനം ഓഡിറ്റോറിയങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ബാധകമാക്കി ഒക്ടോബര്‍ രണ്ടു മുതല്‍ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നിര്‍ദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 2020 ജനുവരിയില്‍ ഇറങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധന ഉത്തരവിന് ഈ സ്റ്റേ ബാധകമല്ല.
എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റതവണ ഉപയോഗമുള്ള സ്പൂണുകള്‍, സ്ട്രോ, ഫോര്‍ക്കുകള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ പ്ലേറ്റുകള്‍, ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍, 500 മില്ലിയില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍, ഗാര്‍ബേജ് ബാഗുകള്‍, പതാകകള്‍, പേപ്പര്‍ വാഴയില, 60 ജിഎസ്എമ്മിന് താഴെയുള്ള നോണ്‍ വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് കേരളത്തില്‍ നിലവില്‍ നിരോധനമുള്ളത്.